ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലും ഫണ്ട് ചെലവഴിച്ചതിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. ബ്ലോക്കിനു കീഴിലെ ഏഴു പഞ്ചായത്തുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവരില്‍ സ്ഥിരമായി തൊഴില്‍ ആവശ്യപ്പെടുകയും ജോലി ചെയ്യുകയും ചെയ്യുന്ന 21813-ഓളം തൊഴിലാളികളുണ്ട്. രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ ഓരോ കുടുംബത്തിനും തൊഴിലുറപ്പ് പദ്ധതി നിയമപ്രകാരം 150 തൊഴില്‍ ദിനങ്ങളാണ് ഉറപ്പ് നല്‍കുന്നത്. ഇതു പ്രകാരം 1858.69 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. 21 പേര്‍ക്ക് 150 ഉം 517 പേര്‍ക്ക്് 100 ഉം തൊഴില്‍ ദിനങ്ങളാണ് നല്‍കാന്‍ സാധിച്ചത്. ശരാശരി 47.96 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഷികമേഖലയായ ചിറ്റൂരില്‍ തൊഴിലാളികള്‍ക്ക് കൃഷിപ്പണികളടക്കമുള്ള തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യസംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ജൈവ-അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ എം.സി.എഫ്(മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍), ആര്‍.ആര്‍.എഫ്(റിസോഴ്സ് റിക്കവറി ഫെസിലിറ്റി ),സ്വാപ് ഷോപ്പുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വടകരപ്പതി പഞ്ചായത്തില്‍ സ്വാപ് ഷോപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ആര്‍.എഫ്, എം.സി.എഫ് എന്നിവയ്ക്കുവേണ്ടി പ്രൊജക്ടുകള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയായ ചിറ്റൂരില്‍ നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കോടി രൂപയോളമാണ് ചെലവഴിച്ചിരിക്കുന്നത്. നെല്ലിനു പുറമെ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ എന്നീ കൃഷികള്‍ക്കും തുക ചെലവഴിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 26 ലക്ഷം നല്‍കി.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ചിറ്റൂര്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഒരു കോടിയിലേറെ രൂപ വകയിരുത്തി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ലൈഫ് പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിലെ ഭവനരഹിതര്‍ക്ക് 749165 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബ്ലോക്കിനു കീഴിലെ ജനസംഖ്യയുടെ 14 ശതമാനത്തോളം വരുന്ന പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പട്ടികജാതി വികസന ഓഫീസ് മുഖേന ഭവനനിര്‍മാണം, ഭൂമി വാങ്ങല്‍ എന്നിവയ്ക്കും കുടിവെള്ളം, വൈദ്യുതി, റോഡ് എന്നിവയ്ക്കുമായി 2.5 കോടിയും വയോജനങ്ങളുടെ ക്ഷേമത്തിനായി പകല്‍വീട് , കട്ടില്‍ വിതരണം എന്നിവയ്ക്കായി 27 ലക്ഷത്തിലധികം രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇതിനു പുറമെ ആരോഗ്യരംഗത്തും ഗതാഗതമേഖലയിലും നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്കിനു കീഴില്‍ നടപ്പിലാക്കിയിട്ടുള്ളത്.