അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ സജ്ജീകരിച്ച അടല്‍ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിര്‍വ്വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അടല്‍ ഇന്നവേഷന്‍ മിഷന്റെ ഭാഗമായാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ അടല്‍ ടിങ്കറിംഗ് ലാബും, ക്ലാസ് റൂമും സജ്ജീകരിച്ചിട്ടുള്ളത്. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര, സാങ്കേതികപരമായ കഴിവുകള്‍ കൂടി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീതി ആയോഗ് വഴി ലഭിച്ച അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളത്. ത്രിഡി പ്രിന്റര്‍, റോബോട്ടിക്‌സ്, സെന്‍സര്‍ ടെക്‌നോളജി കിറ്റുകള്‍ തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ ആറാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ലാബിന്റെ പ്രയോജനം ലഭിക്കും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി പ്രതിനിധികള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.