തലസ്ഥാന ജില്ലയ്ക്ക് അഭിമാനമായി രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരാണ് റവന്യൂ പുരസ്‌ക്കാര പട്ടികയില്‍ ഇടം പിടിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും ഡെപ്യൂട്ടി കളക്ടര്‍ ജനറലുമായ ഇ.മുഹമ്മദ് സഫീറും ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് സഞ്ജയ് ജോണുമാണ് റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രഥമ റവന്യൂ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയത്.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ എന്നീ നിലകളിലെ സ്തുത്യര്‍ഹമായ സേവനം പരിഗണിച്ചാണ് ഇ.മുഹമ്മദ് സഫീറിന് പുരസ്‌ക്കാരം നല്‍കിയത്. വാണിജ്യ നികുതി വകുപ്പില്‍ സെയില്‍സ് ടാക്‌സ് ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ച സഫീര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരിക്കേ നേരിട്ടുള്ള നിയമനത്തിലൂടെ 2014 ബാച്ച് ഡെപ്യൂട്ടി കളക്ടര്‍ ആയാണ് സ്റ്റേറ്റ് സിവില്‍ സര്‍വീസി(എക്‌സിക്യൂട്ടീവ്) ല്‍ എത്തുന്നത്. പാലാ ആര്‍.ഡി.ഒ, ലാന്‍ഡ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി, ഹൗസിങ് ബോര്‍ഡ്, ഐ.എല്‍.ഡി.എം എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍,  പത്തനംതിട്ട എ.ഡി.എം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കല്‍ നടന്നു വരുന്ന തിരുവനന്തപുരം ജില്ലയില്‍ സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കിയതാണ് ജേക്കബ് സഞ്ജയ് ജോണിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.  ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടം നടത്തുകയും കോടതികളുടെ വിധികള്‍ക്കനുസരിച്ച് യഥാസമയം നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്തു. ഇത്തരത്തില്‍ 108 ഭൂമി ഏറ്റെടുക്കലുകള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. 13 സബ് ഓഫീസുകളുടെ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്.  1990 ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം തിരുവനന്തപുരം, വര്‍ക്കല, കൊട്ടാരക്കര എന്നിവിടങ്ങളില്‍ (എല്‍.ആര്‍)തഹസില്‍ദാറായും ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് തിരുവനന്തപുരം ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടറായി ചുമതലയേല്‍ക്കുന്നത്.