ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കും
ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്തുരോഗ നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം നടത്തണമെന്ന് എ.ഡി.എം. റ്റി. വിജയന്‍ അറിയിച്ചു. കലക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സയുടെ ഭാഗമായി നടന്ന യോഗത്തില്‍ തൊഴില്‍-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് എ.ഡി.എം നിര്‍ദ്ദേശം നല്‍കിയത്. ഇതര സംസ്ഥാന തൊഴിലാളികളിലൂടെ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള കുഴല്‍മന്ദം ആലത്തൂര്‍ പ്രദേശങ്ങളില്‍ ബോധവത്കരണവും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനാണ് തീരുമാനം. ഓഗസ്റ്റ് 10 മുതല്‍ 21 വരെയാണ് ജില്ലയില്‍ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടികള്‍ നടത്തുകയെന്ന് ഡെപൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എ. നാസര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ രണ്ട് വയസിന് താഴെയുളളവര്‍, ഗുരുതര രോഗമുളളവര്‍ എന്നിവരെ ഒഴിവാക്കികൊണ്ടാണ് സമൂഹ ചികിത്സാ പരിപാടി നടപ്പാക്കുക. ഒരോ ഡോസ് ഡി.ഇ.സി , ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ ഭക്ഷണത്തിന് ശേഷം കഴിക്കുക വഴിയാണ് രോഗ പ്രതിരോധം നടപ്പാക്കുക. പരിപാടിയുടെ ഭാഗമായി ആയൂര്‍വേദ ഹോമിയോപ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ബൂത്തുകള്‍ പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ ഏല്ലാ ഓഫീസുകളിലും മരുന്ന് വിതരണം ചെയ്ത് ജീവനക്കാര്‍ കഴിച്ചെന്ന് ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എ.ഡി.എം. അറിയിച്ചു. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസഥര്‍ പങ്കെടുത്തു. രോഗവ്യാപനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2004-ലാണ് രോഗ സാധ്യത കുറവുളള പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെ സംസ്ഥാനത്തെ പതിനൊന്നു ജില്ലകളില്‍ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി തുടങ്ങിയത്.