അട്ടപ്പാടിയിലെ പട്ടികവര്‍ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സഹകരണ വകുപ്പ് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടത്തറ ഗവ.ട്രൈബല്‍ സൂപ്പര്‍സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ മെഡിക്കല്‍ കാംപ് നടത്തി. ന്യൂറോളജി, കാര്‍ഡിയോളജി, ഒഫ്താല്‍മോളജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുത്ത കാംപില്‍ രോഗനിര്‍ണ്ണയം നടത്തി മരുന്നുകള്‍ വിതരണം ചെയ്തു. മൊത്തം 147 പേരാണ് പങ്കെടുത്തത്. തുടര്‍ ചികിത്സ ആവശ്യമുള്ളവരെ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇ.എം.എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ.മോയിനൂല്‍ ഹഖ് (ന്യൂറോളജി), ഡോ.സുനില്‍ പിഷാരടി (കാര്‍ഡിയോളജി), ഡോ.ശാന്തി ജി.ദാസ് (ഒഫ്താല്‍മോളജി), ഡോ.ദിലീപ് (റേഡിയോളജി) എന്നിവരും സ്‌കാനിംഗ്, ഇ.സി.ജി, ലബോറട്ടറി തുടങ്ങിയ വിഭാഗങ്ങളിലെ ടെക്നീഷന്‍മാരും, ഫാര്‍മസി വിഭാഗത്തിലെ ജീവനക്കാരും മെഡിക്കല്‍ കാംപില്‍ പങ്കെടുത്തു.കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ സൂപ്പര്‍സ്പെഷാലിറ്റി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആര്‍.പ്രഭുദാസ്, പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി നോഡല്‍ ഓഫീസര്‍/ ജനറല്‍ മാനേജര്‍ എം.അബ്ദു നാസിര്‍ എന്നിവര്‍ മെഡിക്കല്‍ കാംപിന് നേതൃത്വം നല്‍കി. അസിസ്റ്റന്റ് രജിസ്ട്രാര്‍ (എസ്.സി/എസ്.ടി) ജോസി.എസ,് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ ഡോ.എ.മുഹമ്മദ്, സഹകരണ സംഘം ഐ.ടി.ഡി.പി പ്രൊജക്ട് ആഫീസര്‍ കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) പി.ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.