ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം മുതല്‍ക്കൂട്ടാകുന്നത് സന്നദ്ധ സേനാ പ്രവര്‍ത്തകരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടന്ന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുന്‍സിപ്പല്‍ ക്യാപ്റ്റന്‍മാരുടെ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

മള്‍ട്ടിപ്പിള്‍ ഡിസാസ്റ്റര്‍ ഉണ്ടാകുന്ന പ്രദേശത്താണ് നാം ജീവിക്കുന്നത്. അവയില്‍ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം.അടുത്ത വര്‍ഷം എന്തു ചെയ്യണം എന്നു പഠിച്ചാണ് മുന്നോട്ട് പോകുന്നത്. ഫസ്റ്റ് റസ്‌പോണ്ടേഴ്‌സ് സിസ്റ്റം എന്ന ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സേനയെ സൃഷ്ടിക്കാന്‍ കഴിയണം. ഏറ്റവും അധികം തിരക്കിട്ട ദിവസങ്ങളും, ആത്മവിശ്വാസവും, ആവേശവും സംതൃപ്തി നല്‍കിയ നിമിഷങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴാണ്  ലഭിച്ചതെന്നും കളക്ടര്‍ പറഞ്ഞു.

യുവതയുടെ കരുത്തില്‍ സമൂഹത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. അടിയന്തര സാഹചര്യത്തില്‍ പ്രദേശത്തെ സന്നദ്ധ സേവകരായ യുവജനങ്ങളെ നാടിനു പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ജില്ലയിലെ 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചാത്ത് സേന രൂപീകരിച്ചിട്ടുണ്ട്. സേനാ ക്യാപ്റ്റന്‍ മാര്‍ക്ക് പോലീസ്,  ഫയര്‍ ആന്‍ഡ് റസ്‌ക്യു, എക്‌സൈസ്, ആരോഗ്യം, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിദഗ്ധ പരിശീലനം നടത്തിയത്.

യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം അധ്യക്ഷത വഹിച്ചു ചടങ്ങില്‍ അടൂര്‍ നഗരസഭ കൗണ്‍സിലര്‍ ഗോപു കരുവാറ്റ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, കെ വി വൈ എഎഫ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എം സാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.