ക്ഷീരവികസന വകുപ്പിന്റെ ക്ഷീരസമൃദ്ധി പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്ത് കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് അനുവദിച്ച പാല്‍ സബ്‌സിഡിയുടെ വിതരണം ബ്ലോക്ക് പ്രസിഡന്റ് എസ്. കെ ബെന്‍ ഡാര്‍വിന്‍ നിര്‍വഹിച്ചു. ഓരോ പഞ്ചായത്തിലേയും പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ക്ഷീര കര്‍ഷകരെ സംരക്ഷിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
2021-22 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ 42 ലക്ഷം രൂപയാണ് ബ്ലോക്കിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകര്‍ഷകർക്ക് വിതരണം ചെയ്യുന്നത്. വനിതാ ക്ഷീരകര്‍ഷകര്‍ക്ക് 30 ലക്ഷം രൂപയും പൊതു വിഭാഗത്തിന് 12 ലക്ഷം രൂപയും നല്‍കും. കുളത്തൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്ക് 9,40,000 രൂപയും പൊതു വിഭാഗത്തില്‍ മൂന്നു ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. വിരാലി ക്ഷീരോല്‍പാദക സഹകരണ സംഘ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ എ.,ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.