കേന്ദ്ര പൊതുമേഖലസ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാന്‍ വാങ്ങുന്നതിനുള്ള ആദ്യഗഡുവായ പത്ത് ലക്ഷം രൂപ കൈമാറി. കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാറില്‍ നിന്നും അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍ തുക ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യരുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഡിപ്പാര്‍ട്മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസിന്റെ നിബന്ധനകള്‍ അനുസരിച്ചു പ്രതിവര്‍ഷം സിഎസ്ആര്‍ ഫണ്ടിലേക്ക് വകമാറ്റുന്ന കോര്‍പറേഷന്റെ ലാഭവിഹിതമാണ് ഈ തുക. കേരളത്തിലെ ഒന്‍പത് ജില്ലാ ആശുപത്രികളില്‍ 1.15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ചടങ്ങില്‍ കോര്‍പറേഷന്‍ കേരള റീജിയണല്‍ മാനേജര്‍ ബി. ആര്‍. മനീഷ് , എസ്ഐഒ  എ. മന്‍സൂര്‍ , കണ്‍സള്‍ട്ടന്റ് ബി. ഉദയഭാനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)  ഡോ.എല്‍.അനിതാകുമാരി, തുടങ്ങിയവര്‍  പങ്കെടുത്തു.