ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് സ്വീപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ സെന്റ് മേരീസ് കോളേജിലെ മുഹമ്മദ് ആഷിഖ്, പി.എസ് ഷാഹിദ് എന്നിവര്‍ അടങ്ങിയ ടീം വിജയികളായി. മാനന്തവാടി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ അനുഷ ടോം, അനുഷ ജോസ് എന്നിവരും മീനങ്ങാടി സെന്റ് ജോര്‍ജ് ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളേജിലെ നിമിഷ എബ്രാഹം, എസ് നവ്നീത എന്നിവരും രണ്ടാം സ്ഥാനം പങ്കിട്ടു. പുല്‍പ്പള്ളി സി.കെ.ആര്‍.എം.സി.ടി.ഇയിലെ എ.ആര്‍ ശരത്, കെ.വി ശാരിക എന്നിവര്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.

കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജില്‍ നടത്തിയ ക്വിസ് മത്സരം മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. എ.ഡി. എം എന്‍.ഐ ഷാജു അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ല സ്വീപ്പ് ഐക്കണ്‍ അബു സലീം വിജയകിള്‍ക്ക് ക്യാഷ് പ്രൈസ് കൈമാറി. ബീ ദ വാരിയര്‍ ക്വിസ് മത്സരത്തില്‍ വിവിധ കോളേജുകളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു. ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു ക്വിസ് മാസ്റ്ററായിരുന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.പി ശാലിനി, ഇലക്ഷന്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് എന്റെ വോട്ട് എന്റെ ഭാവി – ഒരു വോട്ടിന്റെ ശക്തി എന്ന വിഷയത്തെ ആസ്പദമാക്കി മുദ്രാവാക്യമത്സരം, ഗാനമത്സരം, വീഡിയോ നിര്‍മ്മാണ മത്സരം, പോസ്റ്റര്‍ ഡിസൈന്‍ മത്സരം, എന്നിവയും നടക്കും.