സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കി സ്വാതന്ത്ര്യ സമര ചരിത്ര ചിത്രപ്രദര്‍ശനം. സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച പ്രദർശനത്തിന് ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് വേദിയൊരുങ്ങിയത്. കേന്ദ്ര സർക്കാരിന്‍റെ റീജിയണൽ ഔട്ട് റീച്ച് ബ്യുറോയും സംസ്ഥാന ഇന്‍ഫർമേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുന്‍ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലെ കഥയും കഥാപാത്രങ്ങളും മികച്ച അനുഭവ പാഠങ്ങളാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍, ആദ്യകാല ജീവിതം, വിവിധ സത്യാഗ്രഹങ്ങളില്‍ പങ്കെടുത്ത ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ദേശീയതലത്തിലേയും കേരളത്തിലേയും സ്വാതന്ത്ര്യ സമര സേനാനികളുടെയും വ്യത്യസ്ത ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഘട്ടങ്ങളായ നിസഹകരണ പ്രസ്ഥാനം, ഉപ്പ് സത്യാഗ്രഹം, ചമ്പാരന്‍ സത്യാഗ്രഹം എന്നിവയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ചരിത്ര പ്രധാനമായ സംഭവങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരുന്നവയാണ്.
ഗാന്ധിജി വിവിധ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം, രവീന്ദ്രനാഥ് ടാഗോറിനോപ്പമുള്ള ചിത്രം, സബര്‍മതി ആശ്രമത്തില്‍ നിന്നുള്ള ചിത്രം, ഗാന്ധിജി പത്രാധിപരായിരുന്ന യങ് ഇന്ത്യ പത്രത്തിന്‍റെ പതിപ്പ് എന്നിവയും ശ്രദ്ധേയമാണ്. യുവതലമുറയ്ക്കു സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് അറിവ് പകരുന്നതും പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതുമാണ് ഓരോ ചിത്രങ്ങളും
പ്രദര്‍ശനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, കേരളത്തിലെ സമര ചരിത്രം, ആദ്യ സര്‍ക്കാര്‍ രൂപീകരണം എന്നിവ അടക്കമുള്ള ചരിത്ര സംഭവങ്ങള്‍ പരിചയപ്പെടുത്തുന്നതായിരുന്നു ഡോക്യുമെന്‍ററി. സെന്റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും.