വ്യക്തിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഒരാള്‍ എങ്ങനെയായിരിക്കണമെന്ന വിലയേറിയ സന്ദേശമാണ് രാമായണം നമുക്ക് പകര്‍ന്നു നല്‍കുന്നതെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന നാലമ്പല ക്ഷേത്ര തീര്‍ത്ഥാടനം ദര്‍ശന്‍ 2018 ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാമനെ അടുത്തറിയാനും രാമായണത്തെ മനസിലാക്കാനും രാമായണ മാസാചരണം ഏതൊരു മനുഷ്യ സ്നേഹിയേയും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന നാലമ്പല തീര്‍ത്ഥാടന സര്‍വ്വീസിന്‍റേയും കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക നാലമ്പല സര്‍വ്വീസിന്‍റേയും ഫ്ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ഇതോടൊപ്പം മുന്‍ വര്‍ഷത്തെ നാലമ്പല തീര്‍ത്ഥാടന പരിപാടി ദര്‍ശന്‍ 2017 ല്‍ ഡി ടി പി സിയുമായി സഹകരിച്ച സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു. ഗീത ഗോപി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സുഭാഷിണി മഹാദേവന്‍, സ്പെഷല്‍ ദേവസ്വം കമ്മീഷണര്‍ ആര്‍.ഹരി (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്),ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു മണി, ഡി.ടി.പി.സി. എക്സിക്യൂട്ടിവ് ആന്‍ഡ് ഗവേണിംഗ് ബോഡി അംഗങ്ങളായ എം.ആര്‍.ഗോപാലകൃഷണന്‍, പി.എം.പ്രേംകുമാര്‍, വിജയകുമാര്‍, തൃപ്രയാര്‍ ദേവസ്വം മാനേജര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
