ഡിജിറ്റൽ മാധ്യമങ്ങൾ വഴി അറിവുകൾ നേടുന്ന തലത്തിലേക്ക് നമ്മുടെ കുട്ടികളും ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രവർത്തനം നടത്തുന്ന തലത്തിലേക്ക് യുവതലമുറയും എത്തിയ സാഹചര്യവുമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് അവസ്ഥയിൽ മുൻപില്ലാത്തവിധം ഈ ആവശ്യങ്ങൾ വർധിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ ഡിജിറ്റൽ മാധ്യമങ്ങളെക്കുറിച്ചുള്ള അറിവ് കുട്ടികൾക്ക് പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച സുപ്രധാനമായ ഡിജിറ്റൽ സാക്ഷരതാ കാമ്പയിനാണ് ‘സത്യമേവ ജയതേ’. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ ഉള്ള ശ്രദ്ധ കുട്ടികൾക്കും പൊതു സമൂഹത്തിനും ഉണ്ടാകേണ്ടതിന്റെ പ്രചാരണം മാത്രമല്ല, മറിച്ച് വ്യാജവാർത്തകളെക്കുറിച്ചും ഫാക്ട് ചെക്കിംഗിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് അവബോധം പകർന്നുനൽകുന്ന തരത്തിൽ വിശാലമായ ചിന്തയോടെയാണ് സത്യമേവ ജയതേ ആരംഭിച്ചത്.
ജനങ്ങളുടെ ജീവിതത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വളരെ വലിയ പങ്ക് വഹിക്കുന്ന ഇക്കാലഘട്ടത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പല വാർത്തകളും സമൂഹത്തിലെ മിക്ക വിഭാഗത്തിൽപെട്ടവരിലേക്കും എത്തുന്നത്. നമ്മളിലേക്ക് എത്തുന്ന വാർത്തകളിൽ എല്ലാ വ്യാജമോ ഫേക്കോ അല്ലെങ്കിലും കുറച്ചെങ്കിലും വ്യാജവാർത്തകൾ വലിയരീതിയിൽ ദുസ്വാധീനം ചെലുത്താൻ ശക്തിയുള്ളവയാണ്. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സത്യമേവ ജയതേ ക്യാമ്പയിൻ 2021 ജനുവരിയിൽ തുടക്കമിടുന്നത്. മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായാണ് കാമ്പയിൻ ആവിഷ്‌കരിച്ചത്.
പുതിയ തലമുറയിൽപ്പെട്ട കുട്ടികൾക്കും കോളേജ് വിദ്യാർഥികൾക്കും സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചും ഇൻറർനെറ്റിനെക്കുറിച്ചും വ്യാജവാർത്തകളെക്കുറിച്ചും അറിവുകൊടുക്കുക എന്നുള്ളതായിരുന്നു ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. എന്താണ് വ്യാജവാർത്തകൾ, എന്തുകൊണ്ടാണ് വ്യാജവിവരങ്ങൾ വേഗം പ്രചരിക്കുന്നത്, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം, വ്യാജവാർത്തകൾ ഉണ്ടാക്കുന്നവർ എങ്ങനെ അതുപയോഗിച്ച് ലാഭമുണ്ടാക്കുന്നു, ഇതിനെതിരെ സമൂഹത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നിങ്ങനെ അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഊന്നിയാണ് കാമ്പയിൻ ആവിഷ്‌കരിച്ചിട്ടുള്ളത്.
കുട്ടികളിൽ ഇത്തരം വിവരങ്ങൾ കൊടുക്കാൻ വേണ്ടി സത്യമേവ ജയതേ സോഷ്യൽ മീഡിയ പേജുകളും, വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വീഡിയോകൾ തയാറാക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തിട്ടുള്ളത്. വിശദാംശങ്ങൾ ഉൾപ്പെടുത്തിയ സാമൂഹിക മാധ്യമ പേജുകളുടെ ലിങ്ക് ഇതാണ്. Satyameva Jayate – Kerala Information Literacy Campaign, instagram.com/digilitkerala എന്നിവയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ. വിശദമായ വെബ്‌സൈറ്റ് ഉടൻ സജ്ജമാകുന്നുണ്ട്. ഇതിലൂടെ പ്രാഥമികമായ ഡിജിറ്റൽ അവബോധ സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് സത്യമേവ ജയതേ പ്രവർത്തിക്കുന്നത്.
ആദ്യഘട്ട അവബോധത്തിന് ശേഷം ഇപ്പോൾ സത്യമേവ ജയതേയുടെ പ്രചാരണഘട്ടത്തിലേക്ക് സർക്കാർ കടക്കുകയാണ്. സംസ്ഥാനത്തെ കോളേജ്, സ്‌കൂൾ അധ്യാപകർക്ക് പരിശീലനം നൽകിക്കൊണ്ട് അവരിലൂടെ കുട്ടികളിൽ എത്തിക്കുന്ന രണ്ടാംഘട്ടം എല്ലാ ജില്ലകളിൽ സജീവമായി പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം നൽകിയിട്ടുണ്ട്. ഇവരിലൂടെ മറ്റ് അധ്യാപക സമൂഹത്തിലേക്കും തുടർന്ന് സ്‌കൂളുകളിലും കോളേജുകളിലും ഡിജിറ്റൽ അവബോധവും നൽകുകയെന്ന വിശാലമായ ലക്ഷ്യത്തിനരികിലാണ് നമ്മൾ.
അടുത്തഘട്ടം എല്ലാ വിഭാഗങ്ങളിലും പരമാവധി അവബോധം എത്തിക്കാൻ വീഡിയോകളും വിവരങ്ങളും എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സത്യമേവ ജയതേയുടെ മുന്നേറ്റം. കാമ്പയിൻ മുഖേന ലഭ്യമാകുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അറിവും ഉത്തരവാദിത്തത്തോടെ ഡിജിറ്റൽ മാധ്യമങ്ങളിൽ പെരുമാറാനുള്ള ബോധവും നൽകുമെന്നതാണ് പ്രതീക്ഷ.