എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിന്റെ ഭാഗമായ പാമ്പാക്കുട റബ്ബർ തോട്ടങ്ങളുടെ ഗ്രാമം ആണ്. അഞ്ചോളം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പാമ്പാക്കുട കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം നൽകി വരുന്നത് ആരോഗ്യമേഖലയിലെ
പ്രവർത്തനങ്ങൾക്കാണ്. പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആലീസ് ഷാജുവിന്റെ വാക്കുകളിലൂടെ…

ആരോഗ്യമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം

കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. രണ്ട് കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകൾ ആണുള്ളത്; രായമംഗലം, പാമ്പാക്കുട. ഇതിൽ രായമംഗലം സിഎച്ച്സി ആരോഗ്യമേഖലയിലെ മികവിന് സംസ്ഥാന സർക്കാർ നൽകി വരുന്ന കായകൽപ്പ് പുരസ്‌കാരം സ്വന്തമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ വിഭാഗത്തിൽ 91.7 ശതമാനം പോയിന്റ് നേടിയാണ് രായമംഗലം സിഎച്ച്സി ഒന്നാം സ്ഥാനത്തെത്തിയത്. ബ്ലോക്കിലെ രണ്ട് കമ്മ്യൂണിറ്റി സെന്ററുകളിലെയും കെട്ടിടങ്ങൾ പുതുക്കി, പാർക്കിംഗ് ഏരിയ പണിതു. കൂടാതെ രണ്ട് സെന്ററുകളിലും വൈകുന്നേരങ്ങളിലും ഒ.പി ആരംഭിച്ചു. കോവിഡിന്റെ ഭാഗമായി 12 ലക്ഷത്തോളം രൂപയാണ് ആശുപത്രികളിൽ മാത്രമായി വിനിയോഗിച്ചത്.

കൃഷിയിലൂന്നിയ വികസനം

കൃഷിയാണ് പാമ്പക്കുട ബ്ലോക്കിലെ മറ്റൊരു പ്രധാന മേഖല. കുടിവെള്ളത്തിനും കൃഷിക്കാവശ്യമായ വെള്ളത്തിനും ഒരേപോലെ പ്രാധ്യാനം നൽകി. കൂടുതൽ പാടശേഖരങ്ങൾ ഉള്ളിടത്ത് ബണ്ടും മറ്റും നിർമ്മിക്കുന്നതിനായി തുക അനുവദിച്ചുനൽകുന്നുണ്ട്.

അങ്കണവാടി പ്രവർത്തനങ്ങൾ

കോവിഡ് ഭീഷണി നിലനിൽക്കെ തന്നെ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കാൻ സാധിച്ചു. അങ്കണവാടികൾ ഇല്ലാതിരുന്ന ചില വാർഡുകളിൽ പുതുതായി അങ്കണവാടികൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി ചിലർ സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. അവിടെ തൊഴിലുറപ്പ് പദ്ധതിയുമായി കൂടിച്ചേർന്നാണ് പുതിയ കെട്ടിട്ടം നിർമിക്കുന്നത്.

കുടിവെള്ള പദ്ധതികൾ

നിലവിൽ രണ്ട് വലിയ കുടിവെള്ള പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. അതിലൊന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊണ്ടുവന്നതാണ്. അതിന്റെ നിർമാണം തുടങ്ങി. ഇലഞ്ഞി പഞ്ചായത്തിൽ പുതിയൊരു കുടിവെള്ള പദ്ധതിക്കായി ടെൻഡർ നടപടികൾ സ്വീകരിച്ചുതുടങ്ങി.

സ്കൂളുകളിൽ സാനിറ്ററി നാപ്കിന്
വെന്റിങ് മെഷീനുകൾ

ബ്ലോക്കിലെ ഒൻപത് ഗവ. സ്കൂളുകളിൽ സാനിറ്ററി നാപ്കിന് വെന്റിങ് മെഷീനുകൾ അനുവദിച്ചിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകൾക്കായി 22 ലക്ഷം രൂപ നൽകിയിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിന് അനുവദിച്ച തുക കൂടാതെ ബ്ലോക്കിന്റെ ജനറൽ ഫണ്ടിൽ നിന്ന് സ്ഥലം വാങ്ങുന്നതിനും തുക നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 7,32,000 രൂപ നിലവിൽ നൽകിക്കഴിഞ്ഞു.