ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ച (28/02/22) 48 മലയാളി വിദ്യാർത്ഥികൾ ന്യൂ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എ1 1940 വിമാനം രാവിലെ 6.30ന് ഡൽഹിയിലെത്തി. 12 മലയാളി വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇവരെ എയർപോർട്ടിൽ നിന്നു തന്നെ നാട്ടിലെത്തിച്ചു. ഇതിൽ ഒരാളെ കോഴിക്കോട്ടും 6 പേരെ കൊച്ചിയിലും 5 പേരെ തിരുവനന്തപുരത്തുമാണ് എത്തിച്ചത്. ബുഡാപെസ്റ്റിൽ നിന്ന് തിരിച്ച എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം എ1 1942 വൈകുന്നേരം 5.15ന് ഡൽഹിയിൽ ലാൻഡു ചെയ്തു. ഇതിൽ ഉണ്ടായിരുന്ന 36 വിദ്യാർത്ഥികളെയും കേരള ഹൗസിലെത്തിച്ചു. ഇതോടെ കേരളത്തിൽ സ്ഥിരതാമസമുള്ള 130 മലയാളി വിദ്യാർത്ഥികൾ രാജ്യത്ത് തിരിച്ചെത്തി.

എയർപോർട്ടിലെത്തുന്ന വിദ്യാർത്ഥികൾ നാട്ടിലെത്തുന്നതു വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേരള ഹൗസിലെ ലെയ്സൺ വിംഗിൽ കൺട്രോൾ റൂം തുറന്നു. രാത്രിയും പകലുമുള്ള തുടർ പ്രവർത്തനങ്ങളായതിനാൽ രണ്ടു സംഘങ്ങളായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.