വട്ടവടയിലെ കർഷകരുടെ വിവിധ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനും പ്രതിവിധികൾ ആവിഷ്കരിക്കുന്നതിനുമായി വട്ടവട ഗ്രാമ പഞ്ചായത്ത് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വട്ടവടയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രി യോഗത്തിനെത്തിയത്. ഇടനിലക്കാരുടെ ചൂഷണം, ജല ലഭ്യതയുടെ കുറവ്, ഭൂമി പ്രശ്നങ്ങൾ, ഉല്പ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന വെല്ലുവിളികൾ തുടങ്ങി വിവിധ പ്രശ്നങ്ങൾ കർഷകർ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃഷിവകുപ്പ് വലിയ പ്രധാന്യം കൽപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. വട്ടവടയിലെ ഗ്രാൻ്റീസ് മരങ്ങൾ മുറിച്ച് പിഴുതു മാറ്റുന്ന കാര്യത്തിൽ കഴിഞ്ഞ സർക്കാർ തീരുമാനം കൈ കൊണ്ടതാണ്. അതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കും. വട്ടവടയിലെ കർഷകർ ചൂഷണത്തിനിരയാകുന്നുണ്ട്. സർക്കാർ ഈ വിഷയം ഗൗരവകരമായി എടുക്കും. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകും. ഭൂമിക്ക് പട്ടയമില്ലാത്ത സാഹചര്യം കണക്കിലെടുത്ത് കർഷകർക്ക് വായ്പ ലഭ്യമാക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ ബാങ്കുകളുമായി ആലോചന നടത്തും.
നാളുകൾക്ക് മുമ്പ് ഊർക്കടിൽ നിർമ്മാണം പൂർത്തീകരിച്ചിരുന്ന ഹോർട്ടികോർപ്പിൻ്റെ സംഭരണകേന്ദ്രം താമസം കൂടാതെ പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കും. സംഭരണകേന്ദ്രം പ്രവർത്തനക്ഷമമായാൽ മറ്റ് ജില്ലകളിലേയ്ക്കടക്കം വട്ടവടയിൽ നിന്നും പച്ചക്കറികൾ വിൽപ്പനക്കായി കൊണ്ടുപോകാൻ കഴിയും. ഇതിനായി വാഹന സൗകര്യം ഏർപ്പെടുത്തും. നിർമ്മാണം പൂർത്തീകരിച്ച ശേഷവും കർഷകർക്ക് പ്രയോജനപ്രദമല്ലാതെ കിടക്കുന്ന വിവിധ ചെറുകിട തടയണകൾ വട്ടവടയുടെ വിവിധ ഇടങ്ങളിൽ ഉള്ളതായി പരാതി ഉയർന്നിട്ടുണ്ട്. വനം വകുപ്പുമായി ആലോചിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തും. കർഷകർക്കായുള്ള ജലസേചന സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ ഇടപെടൽ നടത്തും. പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് കർഷകർക്ക് നൽകാനുള്ള തുകയുടെ ഒരു ഭാഗം ഉടൻ നൽകും. ശേഷിക്കുന്ന തുക ഘട്ടം ഘട്ടമായി നൽകാൻ സർക്കാർ ഇടപെടൽ ഉണ്ടാകും. വട്ടവടയിലെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിവിധ വകുപ്പുമേധാവികളെയടക്കം പങ്കെടുപ്പിച്ച് യോഗം വിളിക്കും. വട്ടവടയടക്കം ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി വകുപ്പ് മന്ത്രി മാർച്ചിൽ ജില്ലയിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിൽ അഡ്വ.എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു. ഉന്നത കൃഷിവകുപ്പുദ്യോഗസ്ഥർ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ, ത്രിതല പഞ്ചായത്തംഗങ്ങൾ, ഹോർട്ടികോർപ്പ് അധികൃതർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
വട്ടവടയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കും; കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്
Home /ജില്ലാ വാർത്തകൾ/ഇടുക്കി/വട്ടവടയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കും; കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്