വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളയ്ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി വേഗം നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നതു സംബന്ധിച്ച ജില്ലാതല സാങ്കേതിക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയാണ് ഇത്.
ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ വരുത്തുന്ന നാശനഷ്ടം പരിഹരിക്കണമെന്ന ആവശ്യം ജില്ലാ വികസന സമിതിയിലും ഉയര്‍ന്നിരുന്നു. ഈ പദ്ധതിയുടെ ചെലവില്‍ 30 ശതമാനം വീതം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും, 40 ശതമാനം ജില്ലാ പഞ്ചായത്തുമാണ് വഹിക്കുന്നത്. ആദ്യഘട്ടമായി ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 24 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
അയിരൂര്‍, മൈലപ്ര ഗ്രാമപഞ്ചായത്തുകളിലും കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലും ഈ പദ്ധതിക്കായി ഗുണഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞു. ഈ പദ്ധതി ഗുണകരമാണെന്നും ജില്ലയില്‍ നടപ്പാക്കേണ്ടതാണെന്നും കാര്‍ഷികമേഖലയില്‍ വന്യമൃഗങ്ങളെ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല പറഞ്ഞു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി. മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.