ആലപ്പുഴ: കുട്ടനാട്ടിലെ പുഞ്ചകൃഷി കൊയ്ത്തിന് കൊയ്ത്തുമെതി യന്ത്രങ്ങള്‍ സജ്ജമായി. യന്ത്രങ്ങള്‍ ലഭ്യമാക്കുന്ന ഏജന്റുമാരുമായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കൊയ്ത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രവര്‍ത്തന മികവുള്ള 20 പുതിയ യന്ത്രങ്ങളാണ് ഈ മാസം ഉപയോഗിക്കുക. ഏപ്രില്‍ മാസത്തില്‍ ഇത് 30 യന്ത്രങ്ങളായി വര്‍ധിപ്പിക്കും.

ആകെയുള്ള 25602 ഹെക്ടറിലെ നെല്‍കൃഷിയുടെ കൊയ്ത്ത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കും. ഓരോ ആഴ്ച്ചയിലെയും കൊയ്ത്തിന്റെ ഷെഡ്യൂളും തയ്യാറാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ ആകെ 4647 ഹെക്ടറിലാണ് കൊയ്ത്തു നടത്തുക.

കൊയ്ത്തുമായി ബന്ധപ്പെട്ട് തടസങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പരിഹാരത്തിനായി 12 അംഗ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ഏജന്റുമാര്‍ക്കും തുല്യ അളവില്‍ കൊയ്യുന്നതിന് ഈ കമ്മറ്റിയാണ് പാടശേഖരങ്ങള്‍ വീതിച്ചു നല്‍കുക. അടിയന്തര സാഹചര്യങ്ങളില്‍ കമ്മറ്റി യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കണം.

എല്ലാ കൃഷി ഓഫീസര്‍മാര്‍ക്കും കൊയ്ത്ത് യന്ത്രത്തിന്റെ കൂലി കൃത്യമായി നല്‍കുന്നതിന് പാടശേഖര സമിതി സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അംഗീകൃത ഏജന്റുമാരുടേത് ഒഴികെ പുറത്തു നിന്നും യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

അംഗീകൃത കൊയ്ത്ത് യന്ത്ര ഏജന്റുമാരുടെ പേരും ഫോണ്‍ നമ്പരുകളും ചുവടെ

ആര്‍. സന്ദീപ് വൈശ്യം ഭാഗം (9446808034), ആര്‍.സി. സജീവ് കൈനകരി (9746940758), ജോസിച്ചന്‍ തോമസ് കൈനകരി (9287976410), എം. സുധീരന്‍ പുളിങ്കുന്ന് (9072220840), എ. ജയകുമാര്‍ നെടുമുടി (9061156000), മോഹന്‍ സുധീര്‍ കൈനകരി (9446384474), ഗോപി എം.കെ. കൈനകരി (9188285720), സിജി ജോര്‍ജ് പുരയ്ക്കല്‍ എടത്വ (9961221087), യു.എം. ജെയിംസ് മരങ്ങാട് (9447348315), സജു സെബാസ്റ്റ്യന്‍ കൈനകരി (9048117004), ആര്‍. വിനോദ് നെടുമുടി (9388894729), വി.എസ്. മുരളി കരുമാടി (9946339173), പ്രവീണ്‍ കൈതക്കാട് (9447443562), അരുണ്‍കുമാര്‍ (9447100246).