അച്ചടക്കവും അനുസരണയും സ്വയം ആര്‍ജിച്ചെടുക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്ക് ഒരുക്കി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സമഗ്രശിക്ഷ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങ് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

സ്‌കൂള്‍ കാലഘട്ടത്തിലൂടെ ഭാവിയില്‍ സൂക്ഷിച്ചു പിടിക്കാവുന്ന വര്‍ണാഭമായ സ്മരണങ്ങള്‍ നെയ്‌തെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. കുട്ടിക്കാലത്തെ ഓര്‍മകളാണ് മൗലികമായ മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ വ്യക്തിപരമായ സ്വാതന്ത്ര്യലബ്ധിക്കുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. സ്‌കൂള്‍ കാലഘട്ടത്തിലെ ഓരോ ഓര്‍മകളും സവിശേഷമായി തീര്‍ക്കാന്‍ ശ്രമിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ദേശഭക്തി ഗാന മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മല്ലപ്പള്ളി സെന്റ് ഫിലോമിനാസ്, യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ എംജിയുപിഎസ് തുമ്പമണ്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ജി എച്ച് എസ് എസ് കോന്നി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ  പന്തളം എന്‍.എസ്.എസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ പുരസ്‌കാരം വിതരണം ചെയ്തു. പ്രാദേശിക ചരിത്ര രചനയില്‍ യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂള്‍ കൈപ്പട്ടൂരിലെ വിദ്യാര്‍ഥിനി അനഘ പ്രകാശ്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥി എസ്. അഭിഷേക്, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പുറമറ്റം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥി കെ.ഡി. ദീപുമോന്‍ എന്നിവര്‍ക്കും കളക്ടര്‍ പുരസ്‌കാരം വിതരണം ചെയ്തു.

മറ്റ് പുരസ്‌കാര ജേതാക്കള്‍: ദേശഭക്തിഗാനം എല്‍ പി രണ്ടാം സ്ഥാനം റാന്നി സിഎംഎസ് എല്‍ പി എസ് എണ്ണൂറാം വയല്‍, മൂന്നാം സ്ഥാനം പുല്ലാട് സിഎംഎസ് എല്‍ പി എസ് കോതവിരുത്തി, ദേശഭക്തിഗാനം യു പി രണ്ടാം സ്ഥാനം കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ് എസ്, മൂന്നാം സ്ഥാനം ഉളനാട് സെന്റ് ജോണ്‍സ് യു പി എസ്, ദേശഭക്തിഗാനം ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനം വള്ളംകുളം എന്‍എച്ച്എസ്, മൂന്നാം സ്ഥാനം പഴവങ്ങാടി സെന്റ് തോമസ് ഹൈസ്‌കൂള്‍.

ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി. ജയലക്ഷ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുകാഭായ്, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട്, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ.കെ.പ്രകാശ്, ലജു പി തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എസ്. സന്തോഷ് കുമാര്‍, ബി.ആര്‍.സി. ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ശൈലജകുമാരി, കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ മാത്യു എം. ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.