കല്‍പ്പറ്റ: ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 18 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി. ജോസഫൈനിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ ആകെ 48 കേസുകളാണ് പരിഗണനയ്ക്കു വന്നത്. മൂന്നു കേസുകള്‍ വനിത സെല്ലിനും ആറു കേസുകള്‍ വിവിധ വകുപ്പുകളുടെ അന്വേഷണത്തിനായും കൈമാറി. ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട കേസില്‍ കൂടുതല്‍ നിയമോപദേശത്തിനായി വിട്ടു. വിവിധ കാരണങ്ങളാല്‍ അവശേഷിച്ച 20 കേസുകള്‍ അടുത്ത അദാലത്തിലേക്കും മാറ്റിയിട്ടുണ്ട്.
കൂടുതലും കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണയ്ക്കു വന്നത്. മഴ അദാലത്തിനെ പ്രതികൂലമായി ബാധിച്ചിരുന്നു. അസുഖത്തെ തുടര്‍ന്നു കാലുമുറിച്ചു മാറ്റേണ്ടി വന്ന ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നം പരിഹരിക്കാന്‍ പ്രദേശിക തലത്തില്‍ നടപടി സ്വീകരിക്കുമെന്നും അതിനായി അടുത്ത 11ന് വീണ്ടും വരുമെന്നും ജോസ്‌ഫൈന്‍ അറിയിച്ചു. പരസ്ത്രീ ബന്ധം തെളിയിക്കപ്പെട്ട ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന സ്ത്രീക്കും നാലുമക്കള്‍ക്കും ഭര്‍ത്താവ് ചെലവിന് മാസം 15,000 രൂപ നല്‍കണമെന്ന കമ്മീഷന്റെ നിര്‍ദേശം സ്വീകരിക്കാത്തയാള്‍ക്കെതിരെ നിയമനടപടിയുമായി മൂന്നോട്ടു പോകാന്‍ വനിത കമ്മീഷന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ധ്യക്ഷ അറിയിച്ചു. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളായ തൊഴിലാളികള്‍ തൊഴിലുടമയില്‍ നിന്നും കടുത്ത ചൂഷണത്തിനു വിധേയമാകുന്നെന്നും അവര്‍ പറഞ്ഞു. തോട്ടമുടമ 1.29 ലക്ഷം രൂപയോളം ഗ്രേറ്റിവിറ്റി നല്‍കാതെ കബളിപ്പിച്ച സ്ത്രീയുടെ പരാതിയും അദാലത്തിലെത്തി. കക്ഷി ചേര്‍ക്കപ്പെട്ട തോട്ടമുടമകള്‍ അകാരണമായി പ്രതിനിധികളെ അദാലത്തിലയക്കുന്നത് അംഗീകരക്കാനാവില്ലെന്നും വനിത കമ്മീഷനെ തരംതാഴ്ത്തുന്ന നിഷേധാത്മക നിലപാടാണിതെന്നും ഇത്തരക്കാരോട് വിശദീകരണം ആവശ്യപ്പെടുമെന്നും ജോസഫൈന്‍ പറഞ്ഞു. വനിത കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും യോഗത്തില്‍ പങ്കെടുത്തു.