കല്‍പ്പറ്റ: സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനും പോക്‌സോ കേസുകളെ കുറിച്ച് സ്ത്രീ സമൂഹത്തെ ബോധവത്കരിക്കാനുമായി ജില്ലാ അടിസ്ഥാനത്തില്‍ സെമിനാറുകളുമായി സംസ്ഥാന വനിത കമ്മീഷന്‍. പ്രധാനമായും കോളജ് കാമ്പസുകളിലും പഞ്ചായത്തു തലത്തിലും നിയമ ബോധവത്കരണം നല്‍കാനാണ് ലക്ഷ്യം. വയനാട് ജില്ലാതല സെമിനാര്‍ ആഗസ്റ്റ് 13 ന് മാനന്തവാടിയില്‍ സംഘടിപ്പിക്കുമെന്നും അദ്ധ്യക്ഷ എ.സി. ജോസഫൈന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയിലൂടെ സ്ത്രീകള്‍ക്കെതിരെ കടുത്ത ചൂഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. സൈബര്‍ അക്രമങ്ങളെ നേരിടാന്‍ നിയമത്തിന്റെ സാധ്യതയുണ്ടെങ്കിലും മിക്കവര്‍ക്കുമതറിയില്ല. നിയമ ബോധവത്കരണത്തിലൂടെ ഇതിലൊരു മാറ്റമുണ്ടാക്കാനാണ് വനിത കമ്മീഷന്റെ ലക്ഷ്യമെന്ന് എ.സി. ജോസഫൈന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അറപ്പുളവാക്കുന്ന അങ്ങേയറ്റം കടുത്ത പദപ്രയോഗങ്ങളാണ് സ്ത്രീകള്‍ നിരന്തരം നേരിടുന്നതെന്നും അവര്‍ പറഞ്ഞു.