ജലനിരപ്പ് 10 സെന്റിമീറ്റര്‍ താഴുന്നത് വരെ ഷട്ടറുകള്‍ തുറന്ന് വെയ്ക്കും

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് 114.88 മീറ്റര്‍ എത്തിയതിനാല്‍ മലമ്പുഴ ഡാം തുറന്നു. 11.30യ്ക്ക് ശേഷം ഡാമിന്റെ ഓരോ സ്പില്‍വേ ഷട്ടറുകള്‍ വീതം 10 മിനിറ്റ് വ്യത്യസത്തില്‍ മൂന്ന് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് മലമ്പുഴ ജലസേചനവകുപ്പ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. എസ് പത്മകുമാര്‍ അറിയിച്ചു. അതുവഴി 312 ക്യുസെക്സ് (ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്റ്സ്) ജലമാണ് പ്രവഹിക്കുക. 115.06 മീറ്ററാണ് ഡാമിന്റെ മൊത്തം സംഭരണശേഷി. നിലവിലുളള ജലനിരപ്പ് 114.88 ല്‍ നിന്ന് 114.78 ആയി പത്ത് സെന്റീമീറ്റര്‍ കുറയുന്നത് വരെ ഷട്ടറുകള്‍ തുറന്ന് വെയ്ക്കും. മലമ്പുഴ ഡാം ഷട്ടറുകള്‍ തുറന്നതിനാല്‍ കല്‍പ്പാത്തിപുഴ, മുക്കപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാം തുറക്കുമ്പോള്‍ സമീപപ്രദേശത്ത് വേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറോടും ജില്ലാ കലക്ടറോടും സ്ഥലം എം.എല്‍.എ വി.എസ് അച്യുതാനന്ദന്‍ രേഖാ മൂലം അറിയിച്ചിരുന്നു. ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, ഷാഫി പറമ്പില്‍ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രതിനിധി എന്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കുട്ടികളുള്‍പ്പെടെ മൊത്തം 6319 സന്ദര്‍ശകരാണ് ഉദ്യാനത്തില്‍ ഉണ്ടായിരുന്നത്. 1,86,110 രൂപയാണ് സന്ദര്‍ശകരില്‍ നിന്നുളള ഈ ദിവസത്തെ വരുമാനം.