മെഡിക്കൽ കോളേജുകളിൽ വിപുലമായ സംവിധാനം

യുക്രെയ്നിൽ നിന്നും വരുന്നവർക്ക് മെഡിക്കൽ കോളേജുകളിൽ വിദഗ്ധ സേവനം ലഭ്യമാക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുദ്ധ സാഹചര്യത്തിൽ നിന്നും വരുന്നവർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യുക്രെയ്നിൽ നിന്നും മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകൾ ഏകോപിപ്പിക്കാൻ മെഡിക്കൽ കോളേജുകളിലെ കൺട്രോൾ റൂമുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ഈ കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതാണ്. കോവിഡ് ഐസിയുവിലും നോൺ കോവിഡ് ഐസിയുവിലും പേ വാർഡുകളിലും ഇവർക്കായി കിടക്കകൾ മാറ്റി വയ്ക്കും.

ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ട്രയേജ് ഡ്യൂട്ടി മെഡിക്കൽ ഓഫിസർക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്കും മുന്നറിയിപ്പ് നൽകും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്സിനെ നിയോഗിക്കും. ആംബുലൻസ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്നങ്ങൾ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധിക്കുന്നതാണ്. ആവശ്യമായവർക്ക് കൗൺസിലിംഗ് സേവനങ്ങളും നൽകും. കൗൺസിലിംഗ് ആവശ്യമായവർക്ക് ദിശ 104, 1056 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്തെ നാല് ഇന്റർനാഷണൽ എയർപോർട്ടുകളിലും ഹെൽത്ത് ഡെസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർ ചികിത്സ ആവശ്യമായവർക്കും നേരിട്ടെത്തുന്നവർക്കും മെഡിക്കൽ കോളേജുകൾ വഴി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.