സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ലിംഗ വിവേചനം എന്നിവ ചെറുക്കുന്നതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ്, വനിത ശാക്തീകരണ ക്യാംപെയ്ന്‍ നടത്തി. ഐസിഡിഎസ് പരപ്പ പ്രൊജക്ട് ഓഫീസാണ് പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മകുമാരി ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനികൃഷ്ണന്‍ അധ്യക്ഷയായി. സ്ത്രീ സുരക്ഷ നിയമങ്ങള്‍ എന്ന വിഷയത്തില്‍ എ.കെ. പ്രിയ, പൊതുയിടങ്ങളില്‍ ലിംഗ സമത്വം ഉറപ്പാക്കുന്നതിനെക്കുറിച്ച് സിന്ധു ശ്രീനികേതം, വനിതാ ശിശു വികസന വകുപ്പ് ക്ഷേമ പദ്ധതികളെ കുറിച്ച് ശരണ്യ പ്രദീപ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബിഡിഒ ഒ മുഹമ്മദ്, ശിശു വികസന ഓഫീസര്‍ ജെ ജോതി, എ സവിത തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍ , സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.