തീര്‍ത്ഥാടനത്തിന് പേരുകേട്ട ചോറ്റാനിക്കര, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് സംസാരിക്കുന്നു….
സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട്
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍
സംരംഭങ്ങളിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ശ്രമിച്ചുകൊണ്ടാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ നടന്നുവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം കണ്ടെത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം്. സ്വയം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അതിനുള്ള വിപണന കേന്ദ്രം ഇല്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇതിനു പരിഹാരമെന്നോണം പഞ്ചായത്തിന്റെ കീഴിലുള്ള ആറു കടമുറികള്‍ കുടുംബശ്രീക്ക് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഈ കടകള്‍ ചേര്‍ത്ത് ഒരു ഹൈടെക് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങും. ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
കുടിവെള്ള പദ്ധതി
നിലവില്‍ നാലു കുടിവെള്ള പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 35 ലക്ഷം രൂപ അനുവദിച്ചിരിക്കുന്ന പൊയ്യകുളം കുടിവെള്ള പദ്ധതി വഴി പഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ കുടിവെള്ളപ്രശ്‌നത്തിനു പരിഹാരം കാണാനാകും. ജലസ്രോതസുകളെ സംരക്ഷിച്ച് ഭാവിയിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റാനാണ് ശ്രമം.
കൃഷിക്കും പ്രാധാന്യം
പഞ്ചായത്തിലെ നിരവധി തരിശുഭൂമികള്‍ കൃഷിസ്ഥലമാക്കി മാറ്റാന്‍ സാധിച്ചു. യുവാക്കള്‍ കൃഷിക്കായി മുന്നിട്ടിറങ്ങി. അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഹരിതസമൃദ്ധി എന്ന പദ്ധതി രൂപീകരിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ആവശ്യമായ ഗ്രോബാഗുകള്‍ വിതരണം ചെയ്തു. നിലവില്‍ 12,000 ബാഗുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. അവയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുള്ള പരിശോധന സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
മാലിന്യ നിര്‍മ്മാര്‍ജ്ജനം
ജില്ലയിലെ ഏറ്റവും മികച്ച മാലിന്യ സംസ്‌കരണ സംവിധാനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പുരസ്‌കാരം ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. പുനരുപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്, ചെടിച്ചട്ടികളാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള നിര്‍മാണയൂണിറ്റുകള്‍ ആരംഭിക്കാനും ശ്രമം നടക്കുകയാണ്.
അങ്കണവാടികള്‍
നിലവില്‍ പഞ്ചായത്തിലെ ആറ് അങ്കണവാടികള്‍ സ്വന്തമായി കെട്ടിടം ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നത്. അടുത്ത വര്‍ഷത്തോടെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം ഒരുക്കാനാകുമെന്നാണു പ്രതീക്ഷ.
ആരോഗ്യരംഗത്ത് പുത്തന്‍ പദ്ധതികള്‍
ആരോഗ്യമേഖലയ്ക്കായി പുതിയ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവിലുള്ള പി.എച്ച്.സി നവീകരിച്ച് ആയുര്‍വേദം, ഹോമിയോ സേവനങ്ങള്‍ ഒറ്റസമുച്ചയത്തില്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ഹരിത കര്‍മ്മസേന
ഹരിത കര്‍മ്മസേനയുടെ പരിശീലനത്തിനും പ്രചാരണത്തിനുമായി ആധുനിക ഓഫീസ് ഒരുക്കുന്നുണ്ട്. കൂടാതെ ഇവര്‍ക്കായി പരാതി പരിഹാര സെല്‍ രൂപീകരിച്ച് എല്ലാ മാസവും അവലോകനയോഗം നടത്തിവരുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹരിത കര്‍മ്മസേനയുടെ സേവനമെത്തിക്കാന്‍ കഴിഞ്ഞു. കര്‍മ്മസേനയിലെ അംഗങ്ങളോട് മോശമായി പെരുമാറുന്നവരില്‍ നിന്ന് പിഴ വരെ ഈടാക്കുന്നുണ്ട്. ഹരിത കര്‍മ്മസേനയോട് സഹകരിക്കാത്തവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 25,000 രൂപ വരെ പിഴ നല്‍കേണ്ടിവരും.
വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇവര്‍ക്കായി ഫിസിയോതെറാപ്പി സെന്ററുകളും പാലിയേറ്റിവ് കെയര്‍ യൂണിറ്റുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.