ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരളം അടൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ  പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും മാനസിക, ശാരീരിക ഉന്നമനത്തിനുമായി    കരാട്ടേ, കുംഫു, ജൂഡോ, നീന്തല്‍, കളരിപ്പയറ്റ്, ഏയ്‌റോബിക്‌സ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ ആണ് പരിശീലനം നല്‍കുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ ഡി. സജി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുശീല കുഞ്ഞമ്മ കുറുപ്പ്, എം. അലാവുദിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഏഴ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് ക്ലാസുകള്‍ നടത്തിയത്.