കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മന്നം പാറപ്പുറത്തെ നോര്‍ത്ത് പറവൂര്‍ 110 കെവി സബ്‌സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. സബ്‌സ്റ്റേഷന്‍ പരിസരത്ത് വര്‍ഷങ്ങളായി കാടുകയറിക്കിടന്ന സ്ഥലങ്ങള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടിത്തെളിച്ച് നിലമൊരുക്കിയാണ് കൃഷിയാരംഭിച്ചത്.

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി നടീല്‍ ഉദ്ഘാടനം ചെയ്തു. സബ് സ്റ്റേഷന് കീഴില്‍ കൃഷിയാരംഭിക്കാന്‍ കഴിഞ്ഞത് വളരെ മികച്ച മാതൃകയാണെന്നും കെ.എസ്.ഇ.ബി ജീവനക്കാര്‍ അവരുടെ ജോലി സമയത്തിനുശേഷം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നത് എല്ലാവരും കൃഷിയിലേക്ക് എന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനത്തിന് കരുത്തേകുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സാമുദായിക കേന്ദ്രങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തില്‍പ്പെടുന്ന കൃഷിയോഗ്യമായ സ്ഥലങ്ങളില്‍ കൃഷി ചെയ്തുവരികയാണ്. കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ സ്ഥാപന പരിധിയിലെ കൃഷിയോഗ്യമായ മുഴുവന്‍ സ്ഥലത്തും കൃഷിയാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മീറ്റ് പ്രൊഡക്ഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ കമലാ സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.