പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 1360 പേരെ വിദേശത്തേക്കു ജോലിക്ക് അയക്കുന്നതിനുള്ള നടപടി പൂർത്തിയായിവരികയാണെന്നു പട്ടികജാതി – പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ. പട്ടിക വിഭാഗക്കാർക്കു തൊഴിൽ നൈപുണ്യ പരിശീലനം നൽകി ജോലി നൽകുന്ന പദ്ധതി വൻ വിജയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നന്ദാവനത്ത് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടിക വിഭാഗക്കാർക്കുള്ള സർക്കാർ പദ്ധതികൾ വ്യക്തിഗത ആനുകൂല്യങ്ങളിൽ കേന്ദ്രീകരിച്ചതാണ് ഈ മേഖലയുടെ വളർച്ചയ്ക്കു തടസമായിനിന്നതെന്നു മന്ത്രി പറഞ്ഞു. ഇതു പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ ശാക്തീകരണം നടത്തുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും അതിന് അനുസരിച്ചുള്ള തൊഴിലും മറ്റു സൗകര്യങ്ങളും നൽകി പിന്നാക്കാവസ്ഥ മറികടക്കാനാണു ശ്രമം. തൊഴിൽ പരിശീലനം നൽകി 100 പേരെ ഇതിനോടകം വിദേശത്തേക്ക് അയച്ചുകഴിഞ്ഞു. വിദേശ തൊഴിൽ ദാതാക്കളുമായി പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പ് നേരിട്ട് ബന്ധപ്പെട്ടാണ് തൊഴിൽ ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്.

100 ആദിവാസി യുവാക്കളെ ഹോസ്റ്റൽ വാർഡന്മാരായി നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.  200 പേർക്കു കരാർ അടിസ്ഥാനത്തിലും ജോലി നൽകും. അധ്യാപക പരിശീലനം പൂർത്തിയാക്കിയ എല്ലാവർക്കും ജോലി നൽകുന്ന ഗോത്ര സഹായ പദ്ധതിയും പിന്നാക്ക മേഖലയുടെ ശാക്തീകരണത്തിന് ഏറെ ഗുണപ്രദമായെന്നും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത്, കൗൺസിലർ ഐഷാ ബേക്കർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ എന്നിവർ പ്രസംഗിച്ചു.