രണ്ടാംഘട്ടത്തിൽ വരുന്നത് പാർപ്പിട സമുച്ചയങ്ങൾ
2018ൽ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത പ്രളയത്തിന്റെ ഫലമായി വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായാണ് സംസ്ഥാന സഹകരണ വകുപ്പ് കെയർ കേരള കോ ഓപ്പറേറ്റീവ് അലയൻസ് ടു റീ ബിൽഡ് കേരള എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചത്. 2000 വീടുകൾ നിർമ്മിച്ചു നൽകാനായിരുന്നു പദ്ധതിയെങ്കിലും അർഹരായ 2091 കുടുംബങ്ങൾക്ക് വീടുനൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ നിർമ്മാണം മുഴുവൻ പൂർത്തിയാക്കി 2073 വീടുകൾ നേരത്തെ കൈമാറിയിരുന്നു. ബാക്കിയുള്ള 18 വീടുകൾ കൈമാറാൻ സജ്ജമായി കഴിഞ്ഞു.
ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷം, പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിക്കുന്ന കൂടൂതൽപേർക്ക് സഹായമാകാനായി സഹകരണവകുപ്പ് കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. 14 ജില്ലയിലും പാർപ്പിടസമുച്ചയങ്ങൾ നിർമ്മിച്ച് നൽകാനായിരുന്നു സർക്കാർ തീരുമാനം.
കലക്ടർമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലായിരിക്കും നിർമ്മാണം. ഇതിൻപ്രകാരം കെയർ ഹോം രണ്ടാംഘട്ടത്തിലെ ആദ്യത്തെ പാർപ്പിട സമുച്ചയങ്ങൾ ചേലക്കരയിൽ 40 കുടുംബങ്ങൾക്ക് കൈമാറി. രണ്ടു നിലകളുള്ള പത്ത് ബ്ലോക്കുകളാണ് നിർമ്മിച്ചത്. കുട്ടികൾക്കുള്ള കളിസ്ഥലം, അംഗനവാടി, കമ്യൂണിറ്റി ഹാൾ, വായനശാല, മാലിന്യ സംസ്‌കരണ കേന്ദ്രം, പാർക്കിംഗ് ഏരിയ, പൂന്തോട്ടം എന്നിവയും കെട്ടിട സമുച്ചയത്തിനുള്ളിൽ ഉൾപ്പെടും.
ഓരോ ജില്ലയിലും 30 മുതൽ 40 യൂണിറ്റുകൾ വരെയായിരിക്കും നിർമ്മിക്കുക. ഗ്രൗണ്ട് പ്ലസ് 1, ഗ്രൗണ്ട് പ്ലസ് 2 ഫ്‌ളോറുകളിലായാണ് നിർമ്മാണം.
ഓരോ ഫ്‌ളാറ്റിനും 450 സ്‌ക്വയർഫീറ്റ് മുതൽ 500 സ്‌ക്വയർ ഫീറ്റ് വരെ വിസ്തീർണമുണ്ടാകും. ഓരോ കോംപ്ലക്‌സിനും കുട്ടികളുടെ കളിസ്ഥലം, ഉദ്യാനം, അംഗനവാടി, മീറ്റിംഗ് ഹാൾ, മാലിന്യ സംസ്‌കരണ സൗകര്യം, വായനശാല, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ ലഭ്യമായ സ്ഥലങ്ങളിലെ സൗകര്യങ്ങൾക്ക് അനുസരിച്ചു ക്രമീകരിക്കും. പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിനു പ്രത്യേക സാങ്കേതിക സമിതികൾ പ്രവർത്തിച്ചു തുടങ്ങി കഴിഞ്ഞു. വിവിധയിടങ്ങിൽ മണ്ണിന്റെ ബല പരിശോധനകൾ നടന്നുവരികയാണ്.
കെയർ ഹോം, കെയർ ലോൺ, കെയർ ഗ്രെയ്‌സ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിയിലുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഉപ പദ്ധതിയാണ് സമ്പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകുന്ന കെയർ ഹോം. സംസ്ഥാനതലത്തിൽ വിദഗ്ദ്ധരടങ്ങിയ സമിതിയാണ് പ്ലാനുകളും എസ്റ്റിമേറ്റുമൊക്കെ പരിശോധിച്ച് അനുമതി നൽകിയത്. പദ്ധതിയുടെ മികവ്, നിർമ്മാണത്തിലെ ഗുണമേന്മ എന്നിവ പരിശോധിക്കാൻ ജില്ലാ തലത്തിലും സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
ഭവന നിർമ്മാണത്തിനുള്ള തുക മൂവായിരത്തോളം സഹകരണ സ്ഥാപനങ്ങളിൽനിന്നാണ് സമാഹരിച്ചത്. സഹകരണ വകുപ്പിന്റെ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും തുക കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കൾ, സ്‌പോൺസർ ചെയ്യുന്ന സഹകരണ സംഘം, വകുപ്പ് ഉദ്യോഗസ്ഥർ, സഹകരണ സംഘം ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നുള്ള സംഭാവന, സന്നദ്ധ സേവനം എന്നി വീട് നിർമ്മാണത്തിനായി സ്വരുക്കൂട്ടിയിട്ടുണ്ട്. വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി മുന്നോട്ടുളള യാത്രയിലാണ് സഹകരണവകുപ്പും സംസ്ഥാന സർക്കാരും.