കയർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ജൈവകൃഷിയിൽ ചകിരിച്ചോർ കമ്പോസ്റ്റിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ ഓഗസ്റ്റ് രണ്ടിന് കുടപ്പനക്കുന്ന് ദേശീയ കയർ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന സെമിനാർ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉൽഘാടനം ചെയ്യും. ധനമന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കയർവകുപ്പ് സെക്രട്ടറി മിനി ആന്റണി ‘ചകിരിച്ചോർ കമ്പോസ്റ്റ് പദ്ധതി’ വിശദീകരിക്കും. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ സുബ്രത ബിശ്വാസ് മുഖ്യ പ്രഭാഷണം നടത്തും. എൻ.സി.ആർ.എം.ഐ വികസിപ്പിച്ച ചകിരിച്ചോർ വളമാക്കാൻ ഉപയോഗിക്കുന്ന സൂക്ഷ്മ ജീവി അടങ്ങിയ ഉൽപ്പന്നം ട്രൈക്കോപ്പിത്ത് ചടങ്ങിൽ പ്രകാശനം ചെയ്യും. കയർ കോർപ്പറേഷൻ ചെയർമാൻ ആർ. നാസർ, കൃഷി വകുപ്പ് ഡയറക്ടർ ജസ്റ്റിൻ മോഹൻ, കയർഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ അഡ്വ. എൻ. സായികുമാർ, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ തുടങ്ങിയവർ പങ്കെടുക്കും. ചകിരിച്ചോറ് കമ്പോസ്റ്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും ക്ലാസെടുക്കും.
