നമ്മുടെ സ്വന്തം മനസിനെയും ശരീരത്തെയും ദൃഢപ്പെടുത്താനും ആത്മ വിശ്വാസം വര്‍ധിപ്പിക്കാനും ആയോധന കലകള്‍ സഹായിക്കുമെന്ന് കളക്ടര്‍ ദിവ്യ എസ് അയ്യര്‍. കുങ്ഫു പരിശീലനം ലഭിച്ച പെണ്‍കുട്ടികള്‍ കവിയൂര്‍ കെഎന്‍എം ഗവ. ഹൈസ്‌കൂളില്‍ നടത്തിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി മുഖ്യാതിഥിയായി.

പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, മാനസിക- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ സംസ്ഥാന സര്‍ക്കാരും സമഗ്ര ശിക്ഷ കേരളയും സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഷാവോലിന്‍ കുങ്- ഫുവില്‍ പരിശീലനം നല്‍കിയത്. ധീര എന്ന പേരില്‍ മല്ലപ്പള്ളി ബിആര്‍സിയുടെ പരിധിയില്‍ കവിയൂര്‍ കെഎന്‍എം ഗവ. ഹൈസ്‌കൂള്‍, കീഴ്‌വായ്പൂര്‍ ഗവ. വി.എച്ച്എസ്‌സി സ്‌കൂള്‍, വായ്പൂര്‍ എംആര്‍എസ്എല്‍ വി സ്‌കൂള്‍, പാലയ്ക്കത്തകിടി സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് കുങ്ഫു സ്‌പോര്‍ട്‌സ് അസോസിയേഷന്റെ പരിശീലകരായ ആര്‍.എല്‍. വിജയന്‍, അദിഭകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.