പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റേയും, ഉദുമ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റേയും, പുലരി ക്ലബ്ബിന്റേയും സഹകരണത്തോടെ കണ്ടല്‍ പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ നിര്‍വ്വഹിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.യുമായ ഡോ. വി.ബാലകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

കേരളത്തിലെ ഓരോ ജില്ലയിലും ആരംഭിക്കുന്ന ജീവനം പദ്ധതിയുടെ കണ്ടല്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്. പരിസ്ഥിതിയുടെ സമ്രഗ്രമായ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുക, ദിനംപ്രതി ചൂഷണങ്ങള്‍ നേരിടുന്ന ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുക, പച്ചത്തുരുത്തുകളുടെ വൈവിധ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അഞ്ഞൂറോളം പ്രാന്തന്‍ കണ്ടല്‍ തൈകള്‍ ബേക്കല്‍ പുഴയോരത്ത് വച്ചുപിടിപ്പിച്ചത്. ജില്ലയില്‍ നിലവിലുള്ള 459 പച്ചത്തുരുത്തുകളുടെ തുടര്‍ച്ചയായാണ് കണ്ടല്‍ത്തുരുത്തുകള്‍ ഒരുങ്ങുന്നത്. ഹരിത കേരളം മിഷന്റെ സി ഫോര്‍ യു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്തിന്റെ മറ്റൊരു മാതൃകയായ മുളന്തുരുത്തുകള്‍ ഒരുക്കിയിരുന്നു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് നാസ്‌നിന്‍ വഹാബ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.മണി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. സൂരജ്, മെമ്പര്‍മാരായ മൗവ്വല്‍ കുഞ്ഞബ്ദുള്ള, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ പി അഭിരാജ്, ജീവനം പദ്ധതിയുടെ ഡയറക്ടര്‍ ജീവനം ദിവാകരന്‍, എ കെ ജയപ്രകാശ്, പ്രണവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.