തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷന്‍ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനയോഗം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. ബി.എല്‍.ഒ മാര്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

സംക്ഷിപ്തമായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ബി.എല്‍.ഒ മാര്‍ക്ക് നല്‍കി. പട്ടികയിലെ ഇരട്ടിപ്പ്, ഒഴിവാക്കല്‍, പുതിയവ ചേര്‍ക്കല്‍ എന്നിവ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഗരുഡ ആപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിശീലനം നല്‍കി. റവന്യൂ വകുപ്പിലെ കെ.എ അമറുദ്ദീന്‍ ക്ലാസുകള്‍ നയിച്ചു.

യോഗത്തില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും കണയന്നൂര്‍ തഹസില്‍ദാരുമായ രഞ്ജിത് ജോര്‍ജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജു ജോസ്, സെക്ഷന്‍ ഓഫീസര്‍ പി.ബിജു എന്നിവര്‍ പ്രസംഗിച്ചു.