*വികസനം സാമൂഹ്യനീതിക്കും സുരക്ഷയ്ക്കും*

*ഭിന്ന ശേഷി സൗഹൃദ ജില്ല ലക്ഷ്യം*

*കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽ*

ഭിന്നശേഷിക്കാർക്കും വനിതകൾക്കും കർഷകർക്കും തുല്യ പ്രാധാന്യം നൽകി വിവിധ മേഖലകളിലായി നിരവധി വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ബജറ്റ്. 196.61 കോടി രൂപ ആകെ വരവും 191.66 കോടി രൂപ ചെലവും 4.95 കോടി രൂപ നീക്കി വയ്പുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് ബജറ്റ് അവതരണം നടത്തി.

കൃഷി: 12 കോടി, മത്സ്യമേഖല: 5 കോടി, വിദ്യാഭ്യാസം: 16.5 കോടി, ആരോഗ്യം: 10.47 കോടി, വനിത: 6 കോടി, വൃദ്ധര്‍: 2 കോടി, ഭിന്നശേഷി വിഭാഗം: 5 കോടി, പട്ടികജാതി വിഭാഗം (കുടിവെളളം, പാര്‍പ്പിടം ഉള്‍പ്പെടെ): 17 കോടി, പട്ടികവര്‍ഗ്ഗ വിഭാഗം (പാര്‍പ്പിടം ഉള്‍പ്പെടെ): 80 ലക്ഷം, ശുചിത്വം: 7 കോടി, കുടിവെളളം: 7 കോടി, പാര്‍പ്പിടം: 11 കോടി, ഉല്‍പാദന മേഖല ആകെ:20 കോടി,പശ്ചാത്തല മേഖല: 80 കോടി, വ്യവസായ മേഖല: 2.5 കോടി, ടൂറിസം: 2.5 കോടി. എന്നിങ്ങനെയാണ് വിവിധ മേഖലകള്‍ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ, ശുചിത്വ മേഖലയ്ക്കും വികസന- പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. എറണാകുളം ജില്ല ബാലസൗഹൃദമാക്കുന്നതിനുളള പരിപാടികള്‍ കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ചിരുന്നു. ഈ വര്‍ഷം ജില്ലയെ സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കുന്നതിന് ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രത്യേക പരിഗണനാ വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് വിവിധ വരുമാനദായക പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും ബജറ്റിൽ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കും. ജില്ലാ വ്യാവസായിക ഇടനാഴി (ഡിസ്ടിക്ട് ഒൺട്രപ്രണര്‍ കോറി ഡോര്‍ – DEC) ഒരുക്കി പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കും.

അലോപ്പതി, ആയുര്‍വേദ ഹോമിയോ ചികിത്സ ഒരേ സ്ഥലത്ത് ലഭ്യമാക്കുന്ന ആരോഗ്യ കേന്ദ്രം ആരംഭിക്കും. ചികിത്സക്കും മരുന്നിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ആരോഗ്യ മേഖലയ്ക്ക് 790 ലക്ഷം രൂപയുടെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പോര്‍ട്സ് പ്രേമികള്‍ക്ക് ഐഎസ്എല്‍ മാതൃകയില്‍ എറണാകുളം ഫുട്ബോള്‍ ലീഗും ( ഇപിഎല്‍) എറണാകുളം ക്രിക്കറ്റ് ലീഗും (ഇസിഎല്‍). ഗ്രാമ- ബ്ലോക്ക് – ജില്ലാ തല മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ പഞ്ചായത്തിന് ജില്ലാതലത്തില്‍ ഫുട്ബോള്‍ ക്രിക്കറ്റ് ടീമുകള്‍ രൂപികരിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ സംരംഭം ആക്കി മാറ്റുന്നതിനുളള പിന്തുണയും സഹായവും ഉറപ്പാക്കി മികച്ച സ്റ്റാര്‍ട്ടപ്പുകളെ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. ജില്ലയിലെ പ്രവാസികളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതിന് പ്രസാദ പ്രവാസം എന്ന പേരില്‍ പ്രവാസികള്‍ക്കുളള പോര്‍ട്ടല്‍ ആരംഭിക്കും. ദുരന്തനിവാരണത്തിന് രക്ഷാ സേന രൂപീകരിച്ച് അവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.

ജില്ലയെ മാലിന്യ മുക്തമാക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 1 കോടി രൂപ ചെലവില്‍ ആധുനിക സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കും. പൊതു ഇടങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ സ്വരുപിക്കുന്നതിനായി പഞ്ചായത്തുകളുമായി സഹകരിച്ച് ബിന്നുകള്‍ സ്ഥാപിക്കും.

വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനത്തിന് ജില്ലാ പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. മാരിവില്ല്- ട്രാന്‍സ്ജെന്‍ഡേഴ്സിന് ജീവിത നിലവാരം ഉയര്‍ത്തുന്നതിന് രണ്ടു പ്രധാന പദ്ധതികള്‍ ബജറ്റിലുണ്ട്. അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതികള്‍.

ലഭ്യമായ തനത് വരുമാന സ്രോത സുകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയും പുതിയ സ്രോതസുകള്‍ കണ്ടെത്തിയും ചെലവുകള്‍ നിയന്ത്രിച്ചും തനത് ഫണ്ട് സ്ഥിതി മെച്ചപെടുത്തുന്ന നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും നടപ്പാക്കിയതായി പ്രസിഡന്റ് ഉല്ലാസ് തോമസും വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജും പറഞ്ഞു.