വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതാദിനത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും കല്‍പ്പറ്റ ചുങ്കം ജഗ്ഷനിലേക്ക് ആയിരുന്നു രാത്രിനടത്തം. രാത്രി നടത്തത്തിലും ഷോപ്പിങിലും ജില്ലാ കളക്ടറും സബ് കളക്ടറും ഒപ്പം ചേര്‍ന്നതോടെ പങ്കെടുക്കാനെത്തിയവര്‍ക്കും ആവേശം. കളക്‌ട്രേറ്റ് പരിസരത്ത് ജില്ലാകളക്ടര്‍ എ.ഗീത മെഴുകുതിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി വനിതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത, ജില്ലാ വനിത ശിശുവികസന ഓഫീസര്‍ കെ.വി ആശമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ഷെല്‍ട്ടര്‍ ഹോമിലെ കുട്ടികൾ തുടങ്ങിയവര്‍ പങ്കെടുത്തു.