ഞാറക്കൽ ഗ്രാമ പഞ്ചായത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിനു മുതൽക്കൂട്ടായി എട്ടാം വാർഡിൽ ആധുനിക മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുറത്തിയാട് റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നാടിനു സമർപ്പിച്ചു. ഇതേവാർഡിൽതന്നെ മുട്ടത്തിൽ പുതുശ്ശേരി റോഡിന്റെ നിർമ്മാണോദ്ഘാടനവും എംഎൽഎ നിർവ്വഹിച്ചു.

11 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ ഞാറക്കലിൽ നടക്കുന്നുണ്ടെന്നു കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. സർക്കാർ ആശുപത്രിയിൽ ഒന്നേകാൽ കോടി രൂപ ചെലവിൽ ഐസൊലേഷൻ വാർഡ് നിർമ്മാണവും അഞ്ചുകോടിയുടെ പൊതു വികസന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. രണ്ടുകോടിരൂപ വിനിയോഗിച്ച് വികസിപ്പിച്ച വനിതാവാർഡ് ഉടൻ തുറക്കും. ജയ്‌ഹിന്ദ്‌ കളിസ്ഥലം മികവുറ്റതാക്കുന്നതിനും രാജീവ്ജി പാലം നിർമ്മാണത്തിനും മഞ്ഞനക്കാട് കോളനി പ്രളയാനന്തര നവീകരണ – റോഡ് നിർമ്മാണ പ്രവൃത്തികൾക്കും കുടിവെള്ള സംഭരണി പൂർത്തീകരണത്തിനും നടപടിയായിട്ടുണ്ട്. വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഫലം ലഭ്യമാക്കുന്നതിനു എംഎൽഎ ഓഫീസ് മുഖേനയുള്ള സംവിധാനങ്ങൾ ഇവയ്ക്കു പുറമെയാണെന്നും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിശദീകരിച്ചു.

നിയോജകമണ്ഡലം ആസ്‌തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നിർവ്വഹണ ചുമതലയിലാണ് പുറത്തിയാട് റോഡ് നിർമ്മിച്ചതും മുട്ടത്തിൽ പുതുശ്ശേരി റോഡ് നിർമ്മിക്കുന്നതും. 28 ലക്ഷം രൂപ ചെലവിലാണ് പുറത്തിയാട് റോഡ് പൂർത്തിയാക്കിയത്. 292 മീറ്റർ നീളത്തിൽ മൂന്നു മീറ്റർ വീതിയിൽ ഇന്റർലോക്കിംഗ് കട്ട വിരിച്ചു. 118 മീറ്റർ നീളത്തിൽ മൂന്നര മീറ്റർ വീതിയിൽ ടാർ ചെയ്‌തു. 162 മീറ്റർ കാനയും പദ്ധതിയുടെ ഭാഗമായുണ്ട്. 28.70 ലക്ഷം രൂപ വിനിയോഗിച്ചാണ് മുട്ടത്തിൽ പുതുശ്ശേരി റോഡ് നിർമ്മിക്കുന്നത്. 245 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലും ഇന്റർലോക്കിംഗ് കട്ട വിരിക്കുന്ന പദ്ധതിയുടെ ഭാഗമായി 143 മീറ്റർ നീളത്തിൽ കരിങ്കൽ കെട്ടുമുണ്ടാകും.

മഞ്ഞനക്കാട് സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിന് സമീപം നടന്ന ചടങ്ങുകളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ടി ഫ്രാൻസിസ് അധ്യക്ഷനായി. ഹാർബർ എഞ്ചിനീയറിംഗ് എഇ സുബിൻ ജോർജ് പദ്ധതികൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് മിനി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിൽഡ റിബരോ, എം എം രതീഷ്, എ സി പ്രതാപൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ കെ എം ദിനേശൻ, എ എ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.