“എറണാകുളം ജില്ലയിലെ 26 വില്ലേജുകളില്‍ ആദ്യം റീസര്‍വെ”- റവന്യൂ മന്ത്രി

റവന്യൂ, സര്‍വെ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ഡിജിറ്റല്‍ റീസര്‍വെ ശില്പശാല നടത്തി. ഓണ്‍ലൈനായി നടന്ന ജില്ലാതല ശില്പശാല തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി.

ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തത്തോടെ ജനകീയമായി നിര്‍വഹിക്കുന്ന പ്രവര്‍ത്തനമാണ് ഡിജിറ്റല്‍ റിസര്‍വെ. ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് ഇതിനുവേണ്ട പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ സഹകരിക്കണം. സര്‍വെയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഭൂവുടമകളുടെ സഹകരണം ഉറപ്പാക്കാന്‍ ജനകീയ കമ്മിറ്റികള്‍ക്കു സാധിക്കണം. ഭൂമിയുടെ രേഖകള്‍ കൃത്യമായി കാണിക്കുക, അതിരുകള്‍ കാണുംവിധം കാടുകള്‍ വെട്ടി തെളിക്കുക തുടങ്ങിയ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഗ്രാമസഭകളുടെ ഭാഗമാക്കി ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഭാവി വികസനത്തിന് ഭൂവിനിയോഗം കൂടുതല്‍ ആവശ്യമാണ്. ഡിജിറ്റല്‍ റീസര്‍വെയിലൂടെ ഭൂമിയുടെ കൃത്യത ഉറപ്പുവരുത്താന്‍ സാധിക്കും. സ്വകാര്യ ഭൂമികളും തിട്ടപ്പെടുത്തി ഭൂവുടമകള്‍ക്കു സംരക്ഷിക്കുന്നതിനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. നമ്മുടെ പ്രകൃതി വിഭവങ്ങളുടെ അടയാളപ്പെടുത്തലും കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ റിസര്‍വെ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുടെ വില്പന, കൈമാറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കു വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യം വരുന്നില്ല. രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വെ വകുപ്പുകളുടെ സേവനം ഏകീകൃതമാക്കി ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാന്‍ കഴിയും. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പൂര്‍ത്തിയാക്കുന്ന സര്‍വെ കൃത്യത ഉറപ്പുവരുത്താന്‍ സാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പല പരാതികള്‍ക്കും ശാശ്വതമായ പരിഹാരം കാണാന്‍ ഡിജിറ്റല്‍ റീസര്‍വെയ്ക്ക് സാധിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുതാര്യമായും ലഭിക്കുന്നതിന് ഡിജിറ്റലൈസേഷന്‍ അത്യാവശ്യമാണ്. ജനപ്രതിനിധികള്‍ ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലെയും ഡിജിറ്റല്‍ റീ സര്‍വെ പൂര്‍ത്തിയാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജില്ലയില്‍ ഏഴ് താലൂക്കുകളിലായി ആകെ 127 വില്ലേജുകളാണുള്ളത്. ഇതില്‍ നാല് വില്ലേജുകളിലാണ് ഡിജിറ്റല്‍ റീ സര്‍വെ നടന്നിട്ടുള്ളത്. ഇനി 123 വില്ലേജുകള്‍ ബാക്കിയുണ്ട്. ഇതില്‍ 26 വില്ലേജുകളില്‍ ആദ്യവര്‍ഷം ഡിജിറ്റല്‍ റീ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കും.

ഇടക്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി, കണയന്നൂര്‍, തിരുവാങ്കുളം, പൂണിത്തുറ, ആമ്പല്ലൂര്‍, പല്ലാരിമംഗലം, മണീട്, രാമമംഗലം, വാളകം എന്നീ വില്ലേജുകളാണ് ആദ്യഘട്ടത്തില്‍ വരുന്നത്. ആദ്യഘട്ടം മെയ് മാസം തുടങ്ങി ആറു മാസത്തിനകം പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ 35, 32, 30 എന്നീ ക്രമത്തില്‍ വില്ലേജുകളിലെ സര്‍വെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഡ്രോണ്‍, കോര്‍സ് (CORS), ആര്‍.ടി.കെ റോവര്‍, റോബോട്ടിക് ഇ.ടി.എസ് തുടങ്ങി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ റീസര്‍വെ നടത്തുന്നത്. റവന്യു, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ സേവന സോഫ്റ്റ്വെയറുകളായ റെലിസ് (Relis), പേള്‍ (PEARL), ഇ മാപ്പ് (E – Map) എന്നിവയുടെ ഏകോപനവും ഡിജിറ്റല്‍ റീ സര്‍വെ വഴി യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കിയാല്‍ ഭൂമി സംബന്ധിച്ച വിവരങ്ങളുടെ ഏകീകരണം എളുപ്പത്തില്‍ സാധ്യമാകും. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഉപഭോക്തൃ സേവനം ജനപ്രിയമാക്കാനും സാധിക്കും. ഒരു ആവശ്യത്തിനായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും. ഭൂമിയുടെ പോക്കുവരവ് വളരെ വേഗത്തിലാകും. ഡോക്യുമെന്റേഷന്‍ ജോലികള്‍ വളരെ വേഗത്തിലാക്കുവാനും ഡിജിറ്റല്‍ റീ സര്‍വെ ഉപകരിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ് ഡയറക്ടര്‍ സീറാം സാംബശിവ റാവു വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജില്ലയിലെ ജനപ്രതിനിധികള്‍, റവന്യു – സര്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.