തെക്ക് ചാത്തനാട്ട് മുതല്‍ വടക്ക് പെരുമ്പടന്ന കവാടം വരെ പ്രകൃതി മനോഹരമായ തീരപ്രദേശങ്ങളിലാണ് ഏഴിക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കായലുകളും പാടശേരങ്ങളും തോടുകളും ഏറെയുള്ള പ്രദേശമാണ് ഇവിടം. ഏഴിക്കര പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് കെ.ഡി വിന്‍സെന്റ് സംസാരിക്കുന്നു

അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. 25 ലക്ഷം രൂപ ചെലവഴിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജലസ്രോതസുകളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ധിപ്പിച്ചു. 36 ലക്ഷം രൂപ ചെലവഴിച്ച് ജലാശയങ്ങള്‍ ശുചീകരിച്ചു. കൂടാതെ പഞ്ചായത്തിലെ പൊതുകിണറുകള്‍ ശുചീകരിച്ച് ഉപയോഗപ്രദമാക്കി. ആയപ്പിള്ളി കുളം നവീകരിച്ച് ചുറ്റും ഓടുകള്‍ പാകി ഭംഗിയാക്കി.

മത്സ്യത്തൊഴിലാളി ക്ഷേമം

മത്സ്യത്തൊഴിലാളികള്‍ക്ക് നാല് ലക്ഷം രൂപ ചെലവില്‍ വഞ്ചി, വല എന്നിവ വിതരണം ചെയ്യുന്നുണ്ട്. അവരുടെ മക്കള്‍ക്ക് ആറ് ലക്ഷം രൂപ ചെലവില്‍ ലാപ്‌ടോപ്, ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുന്നുണ്ട്.

മാലിന്യ നിര്‍മാര്‍ജനം മുഖമുദ്ര

മാലിന്യ നിര്‍മാര്‍ജനത്തിനായി 28 ഹരിത കര്‍മസേന അംഗങ്ങള്‍ പഞ്ചായത്തില്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഉന്തുവണ്ടി, യൂണിഫോം, ഉപകരണങ്ങള്‍ എന്നിവ പഞ്ചായത്ത് നല്‍കി വരുന്നു. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഒരു എംസിഎഫ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖല

കഴിഞ്ഞ വര്‍ഷം 120 ഹെക്ടറില്‍ പൊക്കാളി കൃഷി ചെയ്ത് വിളവെടുത്തിരുന്നു. ഇത്തവണ 200 ഹെക്ടറില്‍ കൃഷി ഇറക്കാനാണ് തീരുമാനം. ഇതിനായി വിത്ത് ശേഖരണം ഉള്‍പ്പെടെ നടത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ കൃഷിഭവനില്‍ ഒരു കാര്‍ഷിക വിപണന കേന്ദ്രവും പഞ്ചായത്ത് ഒരുക്കുന്നുണ്ട്. ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതി വഴി 10 ഗ്രൂപ്പുകള്‍ക്ക് 1,000 പച്ചക്കറിത്തൈകള്‍ വീതം നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകളില്‍ ഒന്നാണ് ഏഴിക്കര. കോവിഡ് വാക്‌സിനേഷന്‍ നടത്താനായി 35 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. എല്ലാ വാര്‍ഡുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 18 ലക്ഷം രൂപയോളം കോവിഡ് പ്രതിരോധ മേഖലയില്‍ ചെലവഴിച്ചു.

ഉത്തരവാദിത്ത ടൂറിസം പദ്ധതി

എറണാകുളം ജില്ലയില്‍ ഏഴിക്കര പഞ്ചായത്തിനെയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പഞ്ചായത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ കണ്ടെത്തി അവിടെ ടൂറിസം കേന്ദ്രങ്ങളും സംരംഭങ്ങളും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും തുടങ്ങുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

കുടുംബശ്രീ

കുടുംബശ്രീയുടെ നേതൃത്വത്തില്‍ മികവ് എന്ന പദ്ധതി വഴി സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫുട്‌ബോള്‍ ടീം രൂപീകരിച്ച് അവര്‍ക്ക് വേണ്ട സ്‌പോര്‍ട്‌സ് ഉപകരണങ്ങളും യൂണിഫോമും നല്‍കുന്നു.

അടിസ്ഥാന സൗകര്യ വികസനം, സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന്‍, കൃഷി, ശുചിത്വം എന്നിവയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഊന്നല്‍ നല്‍കുന്ന പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍. ശ്മശാന നിര്‍മാണം, ബഡ്‌സ് സ്‌കൂള്‍ നിര്‍മാണം എന്നിവയാണ് ശ്രദ്ധ ചെലുത്തുന്ന മറ്റു വികസന പ്രവര്‍ത്തനങ്ങള്‍. കൂടാതെ, ആയുര്‍വേദ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങാനായി 10 ലക്ഷം രൂപയുടെ ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.

അഭിമുഖം: നിസ്രി എം കെ
PRISM, I&PRD ERNAKULAM