കല്‍പ്പറ്റ: ജൈന മതവിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയനാട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന ഡയറക്ടര്‍ ഡോ. എ.ബി മൊയ്തീന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജൈന സമാജം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ ആവശ്യങ്ങള്‍ ഉന്നഴിച്ച് ഡയറക്ടര്‍ക്ക് നിവേദനവും നല്‍കി. പ്രധാനമായും ഭാവിതലമുറയുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജൈന ക്ഷേത്രങ്ങളുടെ പരിപാലനത്തിനു സാമ്പത്തികമായി പ്രയാസമനുഭവപ്പെടുന്ന സാഹചര്യത്തില്‍ കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്നും ധനസഹായവും ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി സെന്റര്‍ യാഥാര്‍ത്ഥ്യമായാല്‍ ജൈന മതവിഭാഗക്കാരായ സ്ത്രീകള്‍ക്കു തൊഴില്‍ പരിശീലനത്തിനു സഹായകമാവുമെന്നു വനിത പ്രതിനിധികള്‍ ഡയറക്ടറെ ബോധിപ്പിച്ചു. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ ചെറുകിട സംരഭങ്ങള്‍ തുടങ്ങാനുള്ള സഹായവും അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ ജൈനവിഭാഗക്കാരുടെ 90 ശതമാനവും വയനാട്ടിലാണെന്നാണ് അനൗദ്യോഗിക കണക്ക്. ആദ്യക്കാലത്ത് പ്രധാന ജോലി കൃഷിയായിരുന്നു. വീട്ടില്‍ മാതൃഭാഷയും പുറത്ത് പ്രാദേശികഭാഷയും ഉപയോഗിക്കുന്ന കേരളത്തിലെ ജൈനമതസ്ഥര്‍ ഭാഷ ന്യൂനപക്ഷങ്ങള്‍ കൂടിയാണ്. ജൈന സമാജത്തിന്റെ കണക്കു പ്രകാരം വയനാട്ടില്‍ 420 ഓളം ജൈന കുടുംബങ്ങളില്‍ 1800 ഓളം പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 250 ഓളം പേര്‍ പുതുതലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ്. കൂടാതെ ജില്ലയില്‍ ജൈനവിഭാഗത്തിന്റെതായി ഒന്‍പതോളം ക്ഷേത്രങ്ങളുമുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള 15 ജൈന മതസ്ഥര്‍ സ്ഥിരജോലി ചെയ്യുന്നുണ്ടെന്നുമാണ് കണക്ക്.
കേന്ദ്ര സര്‍ക്കാരിന്റെ സഹായമുള്ള വിവിധ ന്യൂനപക്ഷ ഫണ്ടുകളുടെ ഭൂരിഭാഗവും ചെലവഴിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ വിഭാഗത്തിനായി നിലവിലുളള വിവിധ ധനസഹായ പദ്ധതികളെ കുറിച്ചും വകുപ്പ് ഡയറക്ടര്‍ വിശദീകരിച്ചു. ഭാഷ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ന്യൂനപക്ഷ വിഭാഗത്തിലെ പിന്നോക്കകാരാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ സംവരണ പദവിക്ക് അപേക്ഷിക്കാമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ പൊതു താല്‍പര്യത്തിനായി കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സര്‍ക്കാരിനു കൈമാറാമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ മൈനോറിട്ടി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ സി. യൂസഫ്,സീനിയര്‍ ക്ലര്‍ക്ക് എം. അഫ്‌സ, വയനാട് ജൈന സമാജം സെക്രട്ടറി മഹേന്ദ്ര കുമാര്‍, പ്രസിഡന്റ് വനമാല സനത്കുമാര്‍, പഞ്ചാക്ഷരി മഹിള സമാജം പ്രസിഡന്റ് ജയശ്രീ ശീതള്‍ നാഥ്, ജൈന ബന്ധു മാഗസിന്‍ എഡിറ്റര്‍ എം. രാജേഷ്, വി.പി ജീനേന്ദ്രപ്രസാദ്, എല്‍. ജയകുമാര്‍, എന്‍. പ്രവിരാജ് ജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
