കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് നേരിടുന്ന സ്ഥല പരിമിതിയും ലഭ്യതക്കുറവും തരണം ചെയ്യുന്നതിന് സുമസുകളുടെ സഹായം അനിവാര്യമാണെന്ന് ഭക്ഷ്യ- പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ പറഞ്ഞു.
കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിലെ 95-ാം നമ്പര്‍ അങ്കണവാടിക്ക് പിതാവ് പി.പി. കുരുവിളയുടെ സ്മരണാര്‍ത്ഥം
പടിക്കമ്യാലില്‍
ജോണി കുരുവിള വിട്ടു നൽകിയ അഞ്ചു സെന്റ് സ്ഥലം ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ ഉയര്‍ന്ന വില മൂലം സ്ഥലം വാങ്ങാനാകാതെ പല പദ്ധതികളുടെയും നിർവ്വഹണത്തിൽ കാല താമസം നേരിടുകയാണ്. . ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മിച്ചു നല്‍കുന്ന ലൈഫ് പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതിന് കഠിന പരിശ്രമത്തിലാണ് . കഴിഞ്ഞദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ അഭ്യര്‍ത്ഥനപ്രകാരം കൊല്ലത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം സുമനസ്സുകള്‍ 86 സെന്റ് സ്ഥലം സർക്കാരിന് വിട്ടുനല്‍കിയിരുന്നു. ഇത്തരത്തില്‍ സുമനസുകളുടെ സഹായമുണ്ടെങ്കില്‍ നിരവധി പേരുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാകും – അദ്ദേഹം പറഞ്ഞു.
അഞ്ച് സെന്റ് സ്ഥലം അങ്കണവാടിക്ക് സൗജന്യമായി വിട്ടുനല്‍കാന്‍ മനസ്സ് കാണിച്ച ജോണി കുരുവിള, സ്ഥലം ലഭ്യമാക്കുന്നതിന് മുന്‍കൈയെടുത്ത ജനപ്രതിനിധികൾ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
മാറിടം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.