ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പുതു തലമുറയ്ക്ക് പരിചിതമാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. അസാപ് കേരളയുടെ സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ – സ്‌കിൽ ക്യാംപയിൻ ഉദ്ഘാടനവും ആന്വൽ ട്രെയിനിങ് കലണ്ടർ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വിവര വിസ്‌ഫോടനത്തിന്റെ കാലഘട്ടത്തിൽ തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ വിധത്തിൽ യുവാക്കളെ മാറ്റിയെടുക്കാൻ അസാപ് കേരള വലിയ പങ്കാണ് വഹിക്കുന്നതെന്നു മന്ത്രി കൂട്ടിച്ചേർത്തു.
മെഷീൻ ലേർണിംഗ്, പൈത്തൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ബിസിനസ് അനലിറ്റിക്സ് തുടങ്ങിയ നവീന കോഴ്സുകൾ പഠിക്കാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ട് വരുന്നില്ല എന്നത് വസ്തുതയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കാലഘട്ടം ആവശ്യപ്പെടുന്ന കോഴ്സുകളും പരിശീലനവും നൽകുന്നതിൽ അസാപ് വലിയ പങ്ക് വഹിക്കുന്നുണ്ട്. കോളേജ് അധ്യാപകർക്കുള്ള ഫാക്കൽറ്റി പരിശീലന പരിപാടിയുടെ ഉദ്ഘാടനവും കെ – സ്‌കിൽ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
നൈപുണ്യ വികസനം ലക്ഷ്യമിട്ട് അസാപ് നടപ്പാക്കുന്ന കെ – സ്‌കിൽ ക്യാംപയിൻ പുതു തലമുറയെ തൊഴിൽ സജ്ജമാക്കാൻ ലക്ഷ്യമിടുന്നതാണ്. പതിനഞ്ചിലധികം തൊഴിൽ മേഖലകളും നൂറിലധികം സ്‌കിൽ കോഴ്സുകളുമാണ് കെ – സ്‌കില്ലിന്റെ ഭാഗമായി നൽകുന്നത്. വിദ്യാർഥികൾക്കും വർക്കിങ് പ്രൊഫഷനലുകൾക്കും ഉപയോഗപ്രദമായ രീതിയിൽ ഓൺലൈൻ,  ഓഫ് ലൈൻ ക്ലാസുകൾ ലഭ്യമാക്കും. ഐ. ടി, മീഡിയ, ഹെൽത്ത് കെയർ, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിൽ ഹ്രസ്വകാല കോഴ്സുകൾ നൽകും. ഈ കോഴ്സുകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആന്വൽ ട്രെയിനിങ് കലണ്ടർ.
മാസ്‌കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ അസാപ് കേരള സി. എം. ഡി ഡോ. ഉഷ ടൈറ്റസ് അധ്യക്ഷയായി. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വിഗ്‌നേശ്വരി, ഡോ. അനേജ് സോമരാജ്, ലൈജു ഐ.പി എന്നിവർ പ്രസംഗിച്ചു.