കാക്കനാട്: കേന്ദ്ര ശുചിത്വ കുടിവെള്ള മാന്ത്രാലയം ഗ്രാമീണ മേഖലയില്‍ നടത്തുന്ന ശുചിത്വ സര്‍വ്വേ സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ 2018ന് ജില്ലയില്‍ തുടക്കമായി. സര്‍വ്വേയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ നടത്തിയ ബോധവല്‍കരണ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. വിസര്‍ജ്ജ്യ രഹിത ഗ്രാമം (ഒ.ഡി.എഫ്.) പരിപാടികളും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നല്ലരീതിയിലാണ് ഗ്രാമ പ്രദേശങ്ങളില്‍ നടക്കുന്നതെന്നും എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ദേശീയ റാങ്കിംഗില്‍ എറണാകുളം ജില്ലയ്ക്ക് ഒന്നാമതാകുവാന്‍ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

രാജ്യത്തെ എല്ലാ ജില്ലകളെയും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി കേന്ദ്ര ശുചിത്വ കുടിവെള്ള മാന്ത്രാലയം റാങ്ക് നല്‍കുന്ന പരിപാടിയാണ് സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ മുതലായ പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വ്വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും 2018 ഒക്‌ടോബര്‍ രണ്ടിന് അവാര്‍ഡ് നല്‍കും.
നേരിട്ടുള്ള നിരീക്ഷണത്തിന്റെ ഭാഗമായി സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ടോയ്‌ലറ്റുകളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുസ്ഥലങ്ങളിലെ മാലിന്യം, വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ എന്നിവ പരിശോധിക്കും.
സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ മാനദണ്ഡങ്ങളില്‍ ഗുണപരമായതും അളക്കാവുന്നതുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും അവരുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുക, തീവ്രവും സമഗ്രവുമായ വിവര-വിജ്ഞാന-വ്യാപന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളെ അവരുടെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുവാന്‍പങ്കാളികളാക്കുക, ഗ്രാമ പഞ്ചായത്തുകളും പൊതുജനങ്ങളുമായി ഇടപെട്ട് പദ്ധതി നടത്തിപ്പ് മെച്ചപ്പെടുത്തുവാന്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നിവയാണ് സര്‍വ്വേയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍.
ഇതു സംബന്ധിച്ച് തയ്യാറാക്കിയ ബ്രോഷര്‍ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ.ജി.തിലകന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ്, ബ്ലോക്ക് പഞ്ചായത്തുകളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍ – സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ 2018 സര്‍വ്വേയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ നടത്തിയ ബോധവല്‍കരണ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്യുന്നു.