തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം ആവശ്യമുണ്ടെന്ന്
തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ നവകേരള തദ്ദേശകം 2022 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാം മാറ്റത്തിന് വിധേയമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള നവീകരണമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യം. നീതി ആയോഗിന്റെ കണക്ക് അനുസരിച്ച്, ഇന്ത്യയില്‍ ഏറ്റവും കുറവ് ദാരിദ്ര്യം കേരളത്തിലാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിലെ ചെലവ് ഊര്‍ജിതപ്പെടുത്തണം. മാലിന്യ മുക്ത കേരളത്തിനായി എല്ലാ തലത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണം. 14-ാം പദ്ധതി സമീപനരേഖയുടെ കരട് എട്ടിന്‌പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.വ്യക്തതയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം.

മൂന്നു മന്ത്രിമാര്‍ വരെ കൈകാര്യം ചെയ്തിരുന്ന തദ്ദേശവകുപ്പ് ഒരു വകുപ്പിലാക്കിയ ഏകീകരണത്തിലൂടെ വലിയ മാറ്റങ്ങള്‍ വികസന കാര്യത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പും കുടുംബശ്രീയും തദ്ദേശഭരണ വകുപ്പിന്റെ ഭാഗമായിട്ടുണ്ട്. വിവിധ വകുപ്പുകളിലായി ചിതറിക്കിടന്ന 37000 ത്തോളം  ജീവനക്കാര്‍ ഒരു കുടക്കീഴിലായി. ഏകീകൃത വകുപ്പില്‍ ഭരണമല്ല വേണ്ടത്. കൃത്യമായതും സമയബന്ധിതമായ സേവനം ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം. പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കാതെ നല്‍കണം.

മാമൂലുകള്‍ വഴിമാറണം
കൈക്കൂലി തുടങ്ങിയ  പഴയകാല മാമൂലുകള്‍ ഇനി പറ്റില്ല. അഴിമതിയും കെടുകാര്യസ്ഥതയ്ക്കും മാറ്റം വരുത്തും. ഫയല്‍ പിടിച്ചു വയ്ക്കുക എന്നത് സര്‍ക്കാരിന്റേയും തദ്ദേശവകുപ്പിന്റേയും നയമല്ല. എല്ലാ ഫയലുകളും ഏപ്രില്‍ – മെയ് മാസത്തോടെ പൂര്‍ണമായും ഇ-ഫയല്‍ ആക്കുന്നതോടെ ഫയലുകളില്‍ തീരുമാനം വേഗം വരുമെന്ന് മന്ത്രി പറഞ്ഞു.

ഫയല്‍ നീക്കം വേഗത്തിലാക്കും
ഓരോ  മനുഷ്യന്റെയും ജീവനും ജീവിതവുമാണ് ഓരോ ഫയലും എന്ന മുഖ്യമന്ത്രിയുടെ നാലു വര്‍ഷം മുന്‍പുള്ള സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയാറാകണം. അഴിമതിക്കാരും കൈക്കൂലിക്കാരും വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കില്ല. പകരം സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും  അതിനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കര്‍ശനമായി നടപ്പാക്കും. മാമൂലുകള്‍ മാറ്റാന്‍ തയാറാകാത്തവരെ ബന്ധപ്പെട്ട ഫയലുകളുമായി തീര്‍ച്ചയായും തിരുവനന്തപുരത്ത് വിളിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

1000 പേരില്‍ അഞ്ചു പേര്‍ക്ക് തൊഴില്‍
ഓരോ തദ്ദേശ സ്ഥാപനത്തിലും 1000 പേരില്‍ അഞ്ചു പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള നടപടികള്‍ അടുത്ത ഏപ്രില്‍ മുതല്‍ നടപ്പാക്കണം.  വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം തദ്ദേശ സ്ഥാപനങ്ങള്‍  ചെയ്യണം. തദ്ദേശ സ്ഥാപനങ്ങളില്‍ ഇനി ഫലുകളിന്മേല്‍ ക്വറിയില്ല. പൗരന് വേഗത്തില്‍ സേവനം നല്‍കണം. ഇതിനായി ഫയല്‍ നീക്കത്തിന്റെ തട്ടുകള്‍ കുറയ്ക്കും. സേവനം നേരിട്ട് നല്‍കണം. അപേക്ഷകളില്‍ തെറ്റുണ്ടെങ്കിലോ നിശ്ചിത ഫോര്‍മാറ്റിലോ അല്ലെങ്കില്‍ നേരിട്ട് അപേക്ഷകനെ അങ്ങോട്ട് പോയി  കണ്ട് ശരിയായ രീതിയില്‍ അപേക്ഷ നല്‍കുന്നതിന് അവരെ  സഹായിക്കണമെന്ന സമീപനം സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ശരിയായ രീതിയിലേയ്ക്ക് മാറണം
ഗുണമേന്‍മയുള്ള ജീവിതം നയിക്കുന്ന പാവപ്പെട്ടവനെ ഇനിയും മെച്ചപ്പെടുത്തണം. അതിന്റെ ഭാഗമാണ് അതിദാരിദ്ര്യ സര്‍വേയും അതിന്‍മേലുള്ള തുടര്‍ പരിപാടികളും പദ്ധതികളും.

ലൈഫ് വീടുകള്‍
രണ്ടര ലക്ഷത്തോളം പേര്‍ക്ക് ഭൂമിയും വീടുമില്ല. അവര്‍ക്കെല്ലാം ഫ്‌ളാറ്റ് നല്‍കുകയെന്നത് ശ്രമകരമാണ്. അതിനാണ് മനസോടിത്തിരി മണ്ണ് പരിപാടി. ഏപ്രില്‍ മുതല്‍ മനസോടിത്തിരി മണ്ണ് കാമ്പയിന്‍ ഊര്‍ജിതമാക്കണം. അഞ്ചു ലക്ഷത്തോളം വരുന്ന പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കണം.

വാതില്‍പ്പടി സേവനം ശക്തിപ്പെടുത്തണം
ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം വികസിപ്പിച്ചെടുക്കണം. ടൂറിസം സാധ്യതകള്‍ പഠന വിധേയമാക്കി വേണം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. 44 നദികളുണ്ട് നമുക്ക്. നദികളെല്ലാം ശുചിയാക്കണം.
ശുചിത്വം, മാലിന്യ സംസ്‌ക്കരണ പദ്ധതികളുടെ നടപ്പാക്കലില്‍ രാഷ്ട്രീയവത്ക്കരണം പാടില്ല. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ശുചിത്വ കേരളം കെട്ടിപ്പടുക്കാന്‍ കഴിയൂ.

20-25 വര്‍ഷം കൊണ്ട് കേരളം വികസിത രാജ്യങ്ങളെപ്പോലെ ലോകത്തിന് തന്നെ മാതൃകയായി, ഒരു വികസനത്തിന്റെ തുരുത്താക്കി മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെ പ്രതിനിധികളായ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍( നഗരസഭകള്‍), ആര്‍. തുളസീധരന്‍പിള്ള (ബ്ലോക്ക് പഞ്ചായത്ത്), പി.എസ്. മോഹനന്‍ (ഗ്രാമപഞ്ചായത്ത്), നഗരകാര്യ ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എ.പി. അജിത്കുമാര്‍, ഗ്രാമവികസന ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി. കൃഷ്ണകുമാര്‍, നഗരകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഹുവൈസ്, തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ എന്‍. ഹരി എന്നിവര്‍ സംസാരിച്ചു.