ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, അടിമാലി എസ്.എന്‍.ഡി.പി ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിലെ കലാപരിപാടികള്‍ ശ്രദ്ധേയമായി. സതീഷ് കരിമലയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടിനൊപ്പം കാണികളായ വിദ്യാര്‍ത്ഥികള്‍ താളമേളങ്ങള്‍ക്കൊപ്പം ചുവടുവച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച മണിനാദം നാടന്‍ പാട്ട് മത്സരത്തില്‍ പുരസ്‌കാരം നേടിയ കലകാരന്‍മാരടക്കം പരിപാടിയില്‍ പങ്കെടുത്തു. ചെണ്ട, തബല, കൈമണി, ബാന്റ് തുടങ്ങി വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് നാടന്‍പാട്ടുകള്‍ പാടിയത്. ഭിന്നശേഷിക്കാരനായ രാജക്കാട് സ്വദേശി ബിജു അടക്കം പത്ത് കലാകാരന്‍മാരാണ് ഗായകസംഘത്തിലുള്ളത്. എസ്.എന്‍.ഡി.പി യോഗം ടെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.