പൊതുവിതരണ വകുപ്പിന്റെ പുതിയ പദ്ധതികളായ ഇ-ഓഫീസ,് എഫ്.പി.എസ് മൊബൈൽ അപ്പ്, ജി.പി.എസ് ട്രാക്കിംഗ് എന്നിവയുടെ ഉദ്ഘാടനം മാർച്ച് 15ന് (ചൊവ്വ) വെകുന്നേരം നാലിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കവും പ്രവർത്തനങ്ങളും സുതാര്യമായി നിർവഹിക്കുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ഓഫീസുകളിൽ സമ്പൂർണ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും. റേഷൻ കടകളുടെ ഓൺലൈൻ പരിശോധന സാധ്യമാക്കുന്നതിനായി എഫ്.പി.എസ് മൊബൈൽ എന്ന മൊബൈൽ ആപ്പ് സംവിധാനം ഏർപ്പെടുത്തും. ഇതു വഴി റേഷൻ കടകളിലെ സ്റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ് പരിശോധന കൂടുതൽ സുതാര്യമാക്കുവാനും കുറ്റമറ്റതാക്കുവാനും സാധിക്കും. ഓരോ റേഷൻ കടകളിലേയും പരിശോധന വിവരങ്ങൾ മേൽ ഉദ്യോഗസ്ഥർക്ക് തത്സമയം ഔദ്യോഗിക ലോഗിനുകളിൽ ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായി നമ്മുടെ സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവന്നിട്ടുള്ളതെന്നും ഇതിനോടകം തന്നെ ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പ്രശംസ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പ് കമ്പനിയായ സാഫ് ടെക്‌നോളജീസാണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്.