പാഠ്യപദ്ധതി പുതുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ചെയർപേഴ്‌സൺ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർ പേഴ്‌സണായി കരിക്കുലം കോർ കമ്മിറ്റിയുമാണ് രൂപീകരിക്കുന്നത്. പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. വിദഗ്ധ സമിതി സർക്കാരിൽ സമർപ്പിച്ച ഒന്നാം ഭാഗം റിപ്പോർട്ടിൽ ഉണ്ടായിരുന്ന ശുപാർശ അംഗീകരിച്ച് സെക്കന്ററി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ എന്ന പൊതുസംവിധാനം രൂപീകരിച്ചു. തുടർന്ന്, ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനർവിന്യാസം, സ്‌പെഷ്യൽ റൂളുകൾ തയ്യാറാക്കൽ, വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകൾ, കെ ഇ ആർ ഭേദഗതികൾ,  വിവരാവകാശ അപേക്ഷകൾ എന്നീ ജോലികൾ നിർവഹിക്കുന്നതിനായി സെക്രെട്ടറിയേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു. ഈ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും, സ്‌പെഷ്യൽ റൂൾ തയ്യാറാക്കുന്നതിനുമായി അംഗങ്ങളെ ഉൾപ്പെടുത്തി ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്താൻ സീമാറ്റ് കേരളയുടെ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.