തൈക്കാട് താമരഭാഗത്ത് നടന്ന ശുചീകരണ പരിപാടി മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു

ഏക മനസോടെ ഒരു നാടൊന്നാകെ ഒഴുകി എത്തിയതോടെ പുഴ ശുചീകരണം ജനകീയ ഉത്സവമായി മാറിയെന്ന് മന്ത്രി ജി.ആർ.അനിൽ. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘പുഴയൊഴുകും മാണിക്കല്‍’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ജനകീയ പുഴ ശുചീകരണ പ്രവർത്തനങ്ങൾ  തൈക്കാട് താമരഭാഗത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവികളും ജലാശയങ്ങളും മലിനീകരിക്കപ്പെട്ടതോടെ അതിന് സമീപത്തുണ്ടായിരുന്ന കൃഷിഭൂമി തരിശുകിടക്കുന്ന അവസ്ഥയുണ്ട്. ഇത് മറികടക്കാൻ പുഴകളും അരുവികളും ജലാശയങ്ങളും സംരക്ഷിച്ച് കൊണ്ട് പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് മാണിക്കല്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന പുഴയും നീര്‍ച്ചാലുകളും മാലിന്യ രഹിതമായി വീണ്ടെടുക്കാൻ നവകേരളം കര്‍മ്മപദ്ധതിയുടെ കീഴിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പുഴയൊഴുകും മാണിക്കൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി 10 ഏക്കർ തരിശുഭൂമി കൃഷി യോഗ്യമാക്കി വിത്തിറക്കി. വെള്ളാണിക്കൽ, തമ്പുരാട്ടി പാറകളെ ബന്ധിപ്പിച്ച് കൊണ്ട് വിനോദ സഞ്ചാര പദ്ധതിയും സാമൂഹ്യ വനവത്കരണവും തുടങ്ങി.

ഒന്‍പത് കേന്ദ്രങ്ങളില്‍ ഒരേ സമയത്താണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.രാവിലെ എട്ടരയോടെ വാമനപുരം എം.എല്‍.എ ഡി.കെ. മുരളി ആലിയാട്-കാപ്പിക്കുന്ന് പാലത്തിലും ജില്ലാ പഞ്ചായത്ത് അംഗം ഷീലാകുമാരി മണ്ഡപം ജംഗ്ഷനിലും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ വേളാവൂര്‍ ജംഗ്ഷനിലും മുന്‍ എം.എല്‍.എ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ വെമ്പായം ജംഗ്ഷനിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം കട്ടയ്ക്കാല്‍ പാലത്തിലും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ് മൂളയം പാലത്തിലും, ശുചിത്വ മിഷൻ ലിക്വിഡ് വേസ്റ്റ് മാനേജ്മെൻ്റ് ഡയറക്ടർ അരുൺ പ്ലാക്കീഴ് ജംഗ്ഷനിലും കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ചന്നൂര്‍ക്കടവിലും നടന്ന പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പുഴയിലിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മദപുരം ഇരപ്പ്കുഴി മുതൽ വെള്ളാണിക്കൽ ചന്നൂർ വരെയുള്ള ഭാഗത്തെ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന പ്ലാസ്റ്റിക്, ഖരമാലിന്യങ്ങൾ നീക്കം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ   ഉത്സവാന്തരീക്ഷത്തിലാണ് പരിപാടി നടന്നത്.  മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ജനപ്രതിനിധികള്‍, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി.ഹുമയൂൺ , രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നദീസംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.