അഫ്‌ഗാനിലെ സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കുന്ന അഞ്ചു ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. സഹ്‌റ കരീമി ,ഗ്രനാസ് മൗസാവി ,റോയ സാദത്ത്   എന്നീ വനിതകളുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിലെ ഒൻപതുവയസുകാരൻ്റെ ദുരിത ജീവിതം  ഒരു ഫോട്ടോജേർണലിസ്റ്റ് ചലച്ചിത്രമാക്കുന്നതാണ് ഗ്രനാസ് മൗസാവിയുടെ  വെൻ പോമഗ്രനേറ്റ്സ് ഹൗളിൻ്റെ പ്രമേയം.ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷയിലൂടെ ചിത്രീകരിക്കുന്നത്. അഫ്ഗാനിലെ സ്ത്രീ വിരുദ്ധ മനോഭാവത്തിനെതിരെയുള്ള പോരാട്ടമാണ് എ ലെറ്റർ ടു ദ പ്രസിഡന്റിൻ്റെ പ്രമേയം.

ഗോൾഡൻ ഗ്ലോബ്‌ പുരസ്‌കാരജേതാവ് സിദ്ധിഖ് ബർമാകിൻ്റെ ഓപ്പിയം വാർ ,അഫ്ഗാനിൽ നിന്നും ഇറാഖിലേക്ക് കുടിയേറിയ നവീദ് മഹ്‌മൗദി ഒരുക്കിയ ഡ്രൗണിംഗ് ഇൻ ഹോളി വാട്ടർ,
എന്നിവയാണ്  ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.ഫ്രെമിങ് കോൺഫ്ലിക്ട്, വേൾഡ് സിനിമ, ജൂറി ഫിലിംസ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.