മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെ ശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം

നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ആന്‍ലിനയുടെ സാന്നിധ്യത്തില്‍  കണിയാമ്പുഴയുടെ തീരത്ത് നടന്ന ചടങ്ങില്‍ കെ. ബാബു എം.എല്‍.എയും ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കും ചേര്‍ന്നാണ് ശുചീകരണ യജ്ഞം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ ഭാഗത്ത് പൂച്ചെടികള്‍ വച്ചു പിടിപ്പിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.

സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി നേവല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിന ചിത്രങ്ങള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി അയക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ശുചീകരണ പ്രവര്‍ത്തനം നടത്തിയതുകൊണ്ട് മാത്രം മാലിന്യപ്രശ്‌നം അവസാനിക്കുകയില്ലെന്ന് വ്യക്തമായതോടെയാണ് പ്രദേശം വൃത്തിയാക്കി പൂച്ചെടികള്‍ നട്ടുവളര്‍ത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടക്കുക.