ജൈവകൃഷിക്ക് ചകിരിച്ചോർ കമ്പോസ്റ്റ്;
കേരഗ്രാമം പദ്ധതിയിലൂടെ തൊണ്ട് സംഭരണം
കാർഷിക, കയർ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് കർഷകർക്കും കയർമേഖലയ്ക്കും ഗുണകരമാകുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. കൃഷിക്ക് ചകിരിച്ചോറിൽനിന്നുള്ള ചെലവുകുറഞ്ഞ ജൈവവളം ലഭ്യമാക്കിയും കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തൊണ്ടു സംഭരണവും ചകിരി, ചകിരിച്ചോർ കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളും ആരംഭിച്ച് കർഷകർക്ക് കൂടുതൽ വരുമാനം നേടാനും ഇതിലൂടെ കയർമേഖലയെ പുനരുജ്ജീവിപ്പിക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുക.
ചകിരി ഉത്പാദനം വർധിക്കുന്നത് കയർമേഖലയ്ക്ക് ഉണർവേകും. ചകിരിയടക്കം നാളീകേര മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കൂടുതൽ വരുമാനം ആർജ്ജിക്കുന്നതു വഴി കർഷകർക്കും ഗുണം ലഭ്യമാകും. ചകിരിച്ചോറിൽനിന്നുള്ള വളം ജൈവകൃഷിക്ക്് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കുന്നതിനായി ദേശീയ കയർ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുടപ്പനക്കുന്നിൽ നടന്ന ഏകദിന സെമിനാറിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറും ധന-കയർ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചകിരി ഉത്പാദന യൂണിറ്റുകൾ ആരംഭിക്കുക വഴി ഒരു നാളീകേരത്തിൽനിന്ന് 2-3 രൂപയുടെ അധികവരുമാനം കർഷകന് ആർജ്ജിക്കാനാകുമെന്നും കൃഷിക്ക് ചകിരിച്ചോർ കമ്പോസ്റ്റും കയർ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ കയർമേഖലയ്ക്ക് ഉണർവുലഭിക്കുമെന്നും പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം മണ്ണിനും ഗുണകരമാകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കാർഷിക, കയർ മേഖലകളുടെ സഹകരണം ഉറപ്പാക്കുംവിധം പദ്ധതികൾ ക്രമീകരിക്കുമെന്നും തൊണ്ട് സംഭരണവും ചകിരി ഉത്പാദന യൂണിറ്റും കേരഗ്രാമം പദ്ധതിയുടെ ഭാഗമാക്കി മാറ്റിയെന്നും 79 കേരഗ്രാമങ്ങളിൽ ഇത് നടപ്പാക്കുമെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഡോ. ഉഷാകുമാരി, ഡോ. അനിത ദാസ് രവീന്ദ്രനാഥ്, ഡോ. എം. അമീന, റ്റി.വി. സൗമ്യ, എൽ. അൻസി എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ആർ. വിക്രമൻ നായർ, ഡോ. സി.പി. പീതാംബരൻ, ഡോ. വി.കെ. വേണുഗോപാൽ, ഡോ. സൈജു പിള്ള, കെ. റിനു പ്രേംരാജ്, സിബി ജോയി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.