ജൈവവളം, കീടനാശിനികളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമൊരുക്കും

ഈ സാമ്പത്തിക വർഷം 500 തൊണ്ടുതല്ലൽ കേന്ദ്രങ്ങൾ: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

നാളീകേര മിഷൻ രൂപീകരിക്കുന്നതിനുള്ള രൂപരേഖ തയാറായതായും പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. 2028 വരെ നീളുന്ന മിഷന്റെ ലക്ഷ്യം സുസ്ഥിര നാളീകേര കൃഷിയും നാളീകേരത്തിൽനിന്ന് പരമാവധി മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനവുമാണ്. നാളീകേരത്തിൽനിന്ന് 68 ഇനം മൂല്യവർധിത ഉത്പന്നം ഉത്പാദിപ്പിക്കാനാകും. നിലവിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക വഴി കർഷകന് കൂടുതൽ വരുമാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. കയർ വകുപ്പും ദേശീയ കയർ ഗവേഷണ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ‘ജൈവ കൃഷിയിൽ ചകിരിച്ചോർ കമ്പോസ്റ്റിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ കുടപ്പനക്കുന്നിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളീകേര ഉത്പാദന ക്ഷമതയിൽ സംസ്ഥാനം നാലാം സ്ഥാനത്താണ്. ഹെക്ടറിൽ നിന്ന് 7000 തേങ്ങയാണ് ലഭിക്കുക. ഇത് 10,000 ആക്കി ഉയർത്തണം. 7.81 ലക്ഷം ഹെക്ടറിലാണ് നാളീകേര കൃഷിയുള്ളത്. ഇത് 10 ലക്ഷം ഹെക്ടറിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.

ജൈവവളത്തിന്റെയും കീടനാശിനികളുടെയും ഗുണനിലവാരം പരിശോധിക്കാൻ കാർഷിക സർവകലാശാലയുമായി ചേർന്ന് സംവിധാനമൊരുക്കും. നിലവിൽ ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ഗുണനിലവാരം പരിശോധിക്കപ്പെടുന്നില്ല. പരിശോധനയ്ക്കുള്ള സംവിധാനം ഉടൻ നടപ്പാക്കും. കേരഗ്രാമം പദ്ധതിയുടെ കാലാവധി ഒന്നിൽ നിന്ന് മൂന്നു വർഷമാക്കി.

പ്ലാസ്റ്റിക് ഗ്രോ ബാഗുകൾക്കു പകരം റബറും കയറും ചേർന്ന ഗ്രോബാഗ് നിർമിച്ച് ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണ്. മണ്ണിന്റെ അമ്ലത വർധിക്കുന്നത് കാർഷിക ഉത്പാദന ശേഷിയെ ബാധിച്ചിട്ടുണ്ട്. മണ്ണിന്റെ ഘടനയെ വീണ്ടെടുക്കേണ്ടതിനാൽ ചകിരിച്ചോർ കമ്പോസ്റ്റ് പോലുള്ള െൈജവവളങ്ങൾ പ്രോത്സാഹിപ്പിക്കും. കൃഷിക്കാരും കയർ വ്യവസായവുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വർഷം 500 തൊണ്ടുതല്ലൽ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കയർമേഖലയിൽ അനുഭവവേദ്യമാകുന്ന മാറ്റം ഉണ്ടാകുമെന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച ധന-കയർ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ചകിരി ഉത്പാദനത്തിനുള്ള യന്ത്രവും പ്ലാന്റും സ്ഥാപിക്കുന്നതിന് സ്വകാര്യസംരംഭകർക്ക് 50 ശതമാനം സബ്‌സിഡി നൽകും. 25 ലക്ഷം രൂപ വരെ ചെലവുവരുന്ന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനാണ് ആനുകൂല്യം ലഭിക്കുക. യൂണിറ്റിന്റെ യന്ത്രവും മറ്റും സ്ഥാപിക്കുന്ന സർക്കാർ ഏജൻസികൾക്കാണ് സബ്‌സിഡി ലഭിക്കുക. തൊണ്ട് സംഭരിക്കാനും ചകിരി ഉത്പാദിപ്പിക്കാനുമുള്ള യൂണിറ്റ് തുടങ്ങാൻ പ്രവർത്തനമൂലധനത്തിനായി നാളീകേര ഉത്പാദന കമ്പിനികൾ ബാങ്കുകളിൽനിന്ന് എടുക്കുന്ന വായ്പയുടെ പലിശ സർക്കാർ നൽകും. ഒരു കോടി രൂപ വരെയുള്ള വായ്പയുടെ പലിശ ബാങ്കുകൾക്ക് നേരിട്ട് സർക്കാർ നൽകും. തൊണ്ടും ചകിരിയും നൽകണമെന്ന വ്യവസ്ഥയിലാണ് ഇത് അനുവദിക്കുക. ഈ രീതിയിൽ പേരാമ്പ്രയിൽ യൂണിറ്റ് തുടങ്ങി. ചകിരിച്ചോറിനെ നിലവാരമുള്ള ബ്രാൻഡഡ് ഉത്പന്നമാക്കി മാറ്റുകയാണ് ലക്ഷ്യം. വികേന്ദ്രീകൃത രീതിയിൽ ചകിരിയുടെയും ചകിരിച്ചോറിന്റെയും ഉത്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക ഉത്പാദന കമ്മീഷണർ സുബ്രത ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. കയർ സെക്രട്ടറി മിനി ആന്റണി പദ്ധതി വിശദീകരിച്ചു. കയർ യന്ത്രനിർമാണ ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, ഫോമിൽ ചെയർമാൻ കെ.ആർ. ഭഗീരഥൻ, കയർഫെഡ് പ്രസിഡന്റ് എൻ. സായികുമാർ, കയർ ഡയറക്ടർ എൻ. പത്മകുമാർ, എൻ.സി.ആർ.എം.ഐ. ഡയറക്ടർ ഡോ. കെ.ആർ. അനിൽ, അഡ്മിനിസ്‌ട്രേഷൻ കൺട്രോളർ കെ. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

ഡോ. ഉഷാകുമാരി, ഡോ. അനിത ദാസ് രവീന്ദ്രനാഥ്, ഡോ. എം. അമീന, റ്റി.വി. സൗമ്യ, എൽ. അൻസി എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ആർ. വിക്രമൻ നായർ, ഡോ. സി.പി. പീതാംബരൻ, ഡോ. വി.കെ. വേണുഗോപാൽ, ഡോ. സൈജു പിള്ള, കെ. റിനു പ്രേംരാജ്, സിബി ജോയി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.